പെരിന്തൽമണ്ണ: മസിൽ ശോഷിച്ച് ചലന ശേഷി നഷ്ടപ്പെടുകയോ മരണത്തിന് കീഴടങ്ങുകയോ ചെയ്യാവുന്ന 'സ്‌പൈനൽ മസ്‌കുലർ അട്രോഫി' എന്ന രോഗത്തിനിരയായി ആറുമാസം പ്രായമായ ഒരു കുഞ്ഞുകൂടി കേരളത്തിന്റെ കനിവു തേടുകയാണ്. പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെയും മകൻ മുഹമ്മദ് ഇംറാനാണ് കനിവിന് കാത്തിരിക്കുന്നത്.ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് ഈ കുഞ്ഞ്. കണ്ണൂർ ജില്ലയിലെ മാട്ടുലിലെ കുരുന്നിന്റെ അതേ രോഗം തന്നെയാണ് ഇംറാനും.

ജനുവരി 14 നാണ് കുഞ്ഞ് ജനിച്ചത്. 15 ദിവസമായിട്ടും സാധാരണ കുഞ്ഞുങ്ങൾ കൈകൾ മുകളിലേക്കുയർത്തി ചലിപ്പിക്കുന്നത് പോലെ കുഞ്ഞ് ഇടത് കൈ ചലിപ്പിക്കാതായതോടെയാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. പീഡിയാട്രിക് വിഭാഗം വിദഗ്ദ്ധർ പലരും പരിശോധിച്ചതോടെ രോഗത്തി െന്റ ഗൗരവം ഡോക്ടർമാർക്കും മനസിലായി.ഒരുഡോസ് മരുന്നിന് 18 കോടിരൂപയാണ് ചെലവ് എന്ന് മനസിലാക്കിയതോടെ ഭീമമായ ഈ തുകയ്ക്ക് മുന്നിൽ കുടുംബം പകച്ചു നിൽക്കുകയായിരുന്നു.അങ്ങിനെയാണ് അന്നത്തെ ആരോഗ്യ മന്ത്രിയെയും അവരുടെ പേഴ്‌സൺ സ്റ്റാഫിനേയും നേരിട്ടുകണ്ടത്.തങ്ങളുടെ പ്രതിസന്ധി അറിയിച്ചപ്പോൾ കഴിയുന്നതെല്ലാം ചെയ്യാം എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

എന്നാൽ നടപടി ക്രമങ്ങൾ വൈകിയതോടെ ചികിത്സയക്ക് സർക്കാർ സഹായം തേടി കുടുംബം ഹൈക്കോടതിയെ സമീപിച്ചു.ജൂൺ 28 നകം സർക്കാറിനോട് ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സമയത്തിന് സർക്കാർ സത്യവാങ്ങ്മൂലം നൽകിയില്ല. അതിനിടെ സർക്കാർ ഇടപെട്ട് ചികിൽസക്ക് വഴിയൊരുങ്ങിയില്ലെങ്കിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്താൽ ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ ജൂൺ 25 ന് തന്നെ ആരിഫും സുഹൃത്തുക്കളും തീവ്രമായ ശ്രമം ആരംഭിച്ചു.

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരണം വന്നതോടെ വിവിധ കോണുകളിൽ നിന്ന് സഹായം ഉറപ്പു നൽകി വിളികളും വന്നുകൊണ്ടിരിക്കുകയാണ്.പക്ഷെ ഇത്രയും വലിയ തുക കണ്ടെത്തണമെങ്കിൽ സുമനസുകളുടെ കാരുണ്യം ഇനിയും കൂടിയേ തീരു.ധനശേഖരണാർത്ഥം മങ്കട ഫെഡറൽ മാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 16320100118821 (ഐ.എഫ്.എസ്.സി: എഫ്ഡിആർഎൽ0001632) ഗൂഗിൾപേ: 8075393563.

ആരിഫിെന്റ മൂന്നാമത്തെ കുഞ്ഞാണിത്. രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടതാണ്. കോഴിക്കോട്‌ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ് ഇപ്പോൾ ഇംറാൻ. സമാനമായ രോഗാവസ്ഥയുള്ള ഫാത്തിമ എന്ന ഒന്നര വയസുകാരി കൂടി ഇവിടെ ചികിത്സയിലുണ്ട്. ആരിഫ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചാൽ ഇത്തരം കുരുന്നുകളുടെ ചികിത്സക്ക്‌വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കാൾ.