ഉന്നാവോ: ഉന്നാവോയിൽ രണ്ട് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കാൻ ഉത്തർപ്രദേശ് പൊലീസ് ആറ് സംഘങ്ങളെ നിയോ​ഗിച്ചു. മൂന്നാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കന്നുകാലികൾക്ക് പുല്ല് മുറിക്കാനായി പോയ കുട്ടികളെ ഏറനേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കയ്യും കാലും കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അതേസമയം, മൂന്ന് പെൺകുട്ടികളെ അബോധാവസ്ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സ്ഥലത്ത് ഇൻസ്പെക്ടർ ജനറൽ (ഐജി), എ.ഡി.ജി എന്നിവയുൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അന്വേഷണത്തിനായി ഡോ​ഗ് സ്ക്വാഡിനെ ഉൾപ്പെടെ നിയോ​ഗിച്ചിട്ടുണ്ട്. വ്യക്തിവൈരാ​ഗ്യം അല്ല ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.

ബുധനാഴ്‌ച രാത്രിയോടെയാണ് മൂന്ന് പെൺകുട്ടികളെ വയലിൽ ബോധരഹിതരായി കണ്ടെത്തിയത്. 13, 16 വയസ്സുള്ള പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് 17 വയസ് പ്രായമുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയേയാണ് രണ്ട് പെൺകുട്ടികളും മരിച്ചത്.

മൂന്ന് പേരുടെയും കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പെൺകുട്ടികളുടെ സഹോദരൻ പറയുന്നു. മൂന്ന് പേർക്കും വിഷം നൽകിയതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. ബലം പ്രയോഗിച്ചതിന്റെയോ മർദനമേറ്റതിന്റെയോ ലക്ഷണങ്ങളൊന്നും പെൺകുട്ടികളുടെ ശരീരത്തിൽ ഇല്ലെന്ന് പൊലീസ് പറയുന്നു. "പെൺകുട്ടികൾ ബുധനാഴ്‌ച കന്നുകാലികൾക്ക് പുല്ല് തേടി പോയതാണ്. ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോൾ തിരച്ചിൽ നടത്തി. മൂന്ന് പേരെയും കൈകളും കാലുകളും കെട്ടിയിട്ട നിലയിലാണ് വയലിൽ നിന്ന് കണ്ടെത്തിയത്," പെൺകുട്ടികളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, പെൺകുട്ടികളെ കെട്ടിയിട്ട നിലയിലാണോ കണ്ടെത്തിയത് എന്നതിനു തെളിവുകളൊന്നും ഇല്ലെന്ന് ഐജി ലക്ഷ്‌മി സിങ് പറയുന്നു. പൊലീസ് സ്ഥലത്തെത്തും മുൻപ് പെൺകുട്ടികളുടെ കെട്ടഴിച്ചെന്നും മൃതദേഹം നീക്കിയെന്നും ലക്ഷ്‌മി സിങ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. 13 ഉം 16 ഉം വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള മൂന്നാമത്തെ പെൺകുട്ടി കാൺപുറിൽ ആശുപത്രിയിൽ ചികിത്സയിലാണ്.