കൊച്ചി: 'ബിജെപിയിൽ ഇത്തവണ മത്സരിച്ചതിൽ 19 വയസ്സുള്ള കുട്ടികൾ വരെ ഉണ്ട്. ന്യൂസ് 18 വാർത്താ ചാനലിന്റെ ചർച്ചയിൽ മഹിളാമോർച്ച നേതാവ് സ്മിതാ മേനോൻ നൽകിയ ഒരു മറുപടിയാണ് ഇത്. 21 വയസുള്ള ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറായതിനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നു മഹിളാ മോർച്ച നേതാവിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായത്. എൽഡിഎഫ് സ്ഥാനാർത്ഥികളേക്കാൾ പ്രായം കുറച്ചു പറയാൻ ശ്രമിച്ച സ്മിതയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം എത്രയാണെന്ന് അറിയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയിരിക്കെയാണ് സ്മിതാ മേനോന്റെ അബദ്ധം വൈറലായിരിക്കുന്നത്. ന്യൂസ്-18 മലയാളം ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് സ്മിത മേനോൻ ഇക്കാര്യം പറഞ്ഞത്. 'സർക്കാർ നടപടികൾക്കെതിരെ ചെറുപ്പക്കാർ രംഗത്തിറങ്ങി ഉണ്ടാക്കിയ നിരവധി പ്രക്ഷോഭങ്ങൾ, അത്തരം മൂവ്‌മെന്റുകളൊന്നും കേരളത്തിൽ സംഭവിക്കുന്നില്ല, ആ ഒരു രാഷ്ട്രീയത്തോലുള്ള പ്രതിപത്തി യുവാക്കൾക്കുണ്ടാകുന്നില്ല എന്ന സാഹചര്യം താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ?' എന്നായിരുന്നു അവതാരകന്റെ ചോദ്യം.

'ബിജെപിയെ സംബന്ധിച്ച് പൊളിറ്റിക്കലായി യുവാക്കൾ മുന്നോട്ടുവരുന്നില്ല എന്നു പറഞ്ഞത് പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇക്കുറി മത്സരിച്ചവരിൽ 19 വയസുള്ള കുട്ടികൾ വരെയുണ്ടായിരുന്നു.' എന്നായിരുന്നു സ്മാതാ മേനോന്റെ പ്രതികരണം. ഈ മറുപടി സോഷ്യൽ മീഡിയയിൽ പരിഹാസ്യത്തിന് ഇടയാക്കുകയും ചെയ്തു.

അതിനിടെ ആർഎസ്എസ് വാരികയുടെ കവർ ചിത്രമായി പ്രസിദ്ധീകരിച്ചതിൽ സംഘപരിവാർ അണികളിൽ കടുത്ത അസംതൃപ്തിയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. ഡിസംബർ 25 ലക്കം കേസരി വാരികയുടെ കവർ ചിത്രത്തിലാണ് സ്മിത മേനോൻ ഇടംപിടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനെപ്പറ്റി എഴുതിയ 'തടയാനാവാത്ത താമര വസന്തം' കവർ സ്റ്റോറിയുടെ ചിത്രത്തിലാണിത്. ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് കേസരിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യാൻ കോഴിക്കോട്ട് 29ന് എത്താനിരിക്കെയാണ് പുതിയ വിവാദം.

കേസരി എഡിറ്ററെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളും ഫോൺ വിളികളുമാണ് വാരികയുടെ ഓഫീസിലേക്ക് എത്തിയത്. ബിജെപി യിലെ ഗ്രൂപ്പുപോരിൽ സംഘത്തിലെ ഒരുവിഭാഗം പ്രചാരകർ പരസ്യമായി മുരളീധരപക്ഷത്തിന് പിന്തുണ നൽകുന്നതിന്റെ സൂചനയായാണ് പാർട്ടിയിലെ എതിർ വിഭാഗം ഇതിനെ കാണുന്നത്. നിയമലംഘനം നടത്തുന്നവരെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയ സംസ്‌കാരം എങ്ങനെ സംഘത്തിന് കൈക്കൊള്ളാൻ കഴിയും എന്നാണ് ഇവർ ചോദിക്കുന്നത്.

അബുദാബിയിലെ സമ്മേളനത്തിൽ സ്മിത പങ്കെടുത്തത് വി മുരളീധരന്റെ താൽപ്പര്യപ്രകാരമാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. അബുദാബി സന്ദർശനത്തിന് ശേഷം സ്മിത മേനോൻ മഹിള മോർച്ച സംസ്ഥാന സെക്രട്ടറിയും ആയി. സ്മിത മേനോനെ കുറിച്ച് മുമ്പ് അറിയുമായിരുന്നില്ല എന്നാണ് പ്രമുഖ ബിജെപി നേതാക്കൾ തന്നെ അന്ന് പ്രതികരിച്ചിരുന്നത്. കൊച്ചിയിലെ പിആർ കമ്പനി ഉടമയാണ് സ്മിത മേനോൻ. അബുദാബിയിൽ നടന്ന മന്ത്രിതല പരിപാടി റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് താൻ പോയത് എന്നായിരുന്നു പ്രോട്ടോകൾ ലംഘന വിവാദത്തിൽ സ്മിത പറഞ്ഞത്. വി മുരളീധരന്റെ അനുമതിയോടെയായിരുന്നു അത് എന്നും പറഞ്ഞിരുന്നു.

ബിജെപിയിലെ തന്നെ ഒരു വിഭാഗം ആയിരുന്നു മുരളീധരന്റെ പ്രോട്ടോകോൾ ലംഘനവും സ്മിത മേനോന്റെ സാന്നിധ്യവും ചർച്ചയാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. സ്മിത മേനോൻ മഹിള മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി നിയമിതയായതോടെ ആയിരുന്നു ഇത് എന്നാണ് വിവരം. പാർട്ടി പ്രവർത്തനത്തിൽ ഉണ്ടായിരുന്ന ആളല്ല സ്മിത എന്നതായിരുന്നു പലരുടേയും എതിർപ്പിന്റെ കാരണം. ഇങ്ങനെ ആരോപണ വിധേയയായ ഒരു വ്യക്തിയുടെ ചിത്രം ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ കേസരിയുടെ കവറിൽ വന്നു എന്നതാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ പ്രധാന പരാതി.

എന്നാൽ പ്രോട്ടോൾ ലംഘന വിവാദത്തിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല. ഇതാണ്, ന്യായീകരണത്തിനായി മറുവിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ന്യൂസ്18 ചർച്ചയിൽ, കേസരി വിവാദത്തിനും സ്മിത മറുപടി പറയുന്നുണ്ട്. തനിക്ക് ചുമതലയുണ്ടായിരുന്ന വാർഡിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചുവെന്നും അതിന്റെ വിജയാഹ്ലാദത്തിന് എടുത്ത ചിത്രമായിരുന്നു അത് എന്നും ആണ് സ്മിത പറയുന്നത്. അത്തരമൊരു വാർത്ത വരുന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായിട്ടാണെന്നാണ് സ്മിതയുടെ മറുപടി.

നരേന്ദ്ര മോദി സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ ഒക്കെ ഇതിനിടെ സ്മിത മേനോൻ എടുത്ത് പറയുന്നുണ്ട്. എന്നാൽ അതിനിടെ വലിയൊരു അബദ്ധവും പിറഞ്ഞു. 19 വയസ്സുള്ള സ്ഥാനാർത്ഥി വരെ തങ്ങളുടെ പാർട്ടിക്കുണ്ടായി എന്നതായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സാണ്.