ന്യൂഡൽഹി: കർഷക സമരവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽഗാന്ധി കർഷകരോട് കള്ളം പറയുകയാണെന്നും അവരെ വഴി തെറ്റിക്കുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി. കർഷകരുടെ സ്ഥലം കൈയേറിയത് രാഹുലിന്റെ സ്വന്തം ജിജ( സഹോദരീ ഭർത്താവ്) ആണെന്നും എന്നിട്ടിപ്പോൾ കർഷകർക്കുവേണ്ടി രാഹുൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിൽ നടന്ന ഒരു റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.

അമേഠിയിൽ വന്ന് ഇവിടുത്തെ കർഷകരുടെ നടുവിൽ നിന്ന് തുറന്ന ചർച്ചയ്ക്ക് തയ്യാറായാൽ എല്ലാവരുടേയും മുൻപിൽ വെച്ച് താൻ രാഹുലിന്റെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും സ്മൃതി ഇറാനി വെല്ലുവിളിച്ചു. മൂന്ന് വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.

രാഹുലും കുടുംബവും തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽപ്പിന്നെ അമേഠി മണ്ഡലത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും താൻ ഇവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ അമേഠിയിലെ ജനങ്ങൾക്ക് അറിയാമെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുലിന്റെ സഹോദരി ഭർത്താവ് കർഷകരുടെ ഭൂമി കൈയേറിയതിനെക്കുറിച്ച് ചോദിച്ചാൽ രാഹുലിന് മറുപടിയില്ലാതെയാകുമെന്നും സ്മൃതി കുറ്റപ്പെടുത്തി.

അതേസമയം കാർഷികനിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു. നിയമങ്ങളെ എതിർക്കുന്നതുവഴി ചില പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ ശ്രമിക്കുന്നതെന്നും കർഷകരുടെ പേരിൽ തങ്ങളുടെ രാഷ്ട്രീയ തത്വങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന തിരക്കിലാണെന്നും ആരോപിച്ചു. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഒമ്പത് കോടി കർഷകരുമായുള്ള വീഡിയോ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.