ഹൈദരാബാദ്: സ്ഥിരമായി പാമ്പുകടി ഏൽക്കുന്നതിനാൽ ചികിത്സക്കായി സർക്കാർ ധനസഹായം നൽകണം എന്നാവശ്യപ്പെട്ട് 42കാരൻ. ആന്ധ്രയിലെ ചിറ്റൂർ സ്വദേശിയായ സുബ്രഹ്മണ്യത്തിനാണ് കഴിഞ്ഞ 37 വർഷമായി എല്ലാ വർഷവും മുടങ്ങാതെ പാമ്പ് കടിയേൽക്കുന്നത്. പാമ്പ് കടിയെ തുടർന്നുള്ള ചികിത്സക്ക് പണം ചിവലഴിച്ച് താൻ കഷ്ടപ്പെടുകയാണെന്നും സർക്കാർ ഇതിന് പരിഹാരം കാണണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

37 വർഷത്തിനിടെ സുബ്രഹ്മണ്യത്തിന് പാമ്പു കടിയേറ്റത് 37 തവണയാണ്. അതായത് വർഷത്തിൽ ഒരു തവണ വീതം പാമ്പു കടിയേറ്റു. പാമ്പു കടിയെ തുടർന്നുള്ള ചികിത്സയ്ക്കായി വർഷംതോറും പതിനായിരം രൂപയാണ് ചെലവഴിക്കുന്നത്. പണം ചെലവഴിച്ച് നിർധനനായി തീർന്ന സുബ്രഹ്മണ്യത്തിന്റെ ചികിത്സയ്ക്കായി സർക്കാർ ധനസഹായം നൽകണമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആവശ്യം. നിലവിൽ പാമ്പു കടിയേറ്റ് ചികിത്സയിലാണ് സുബ്രഹ്മണ്യം.

ചിറ്റൂർ സ്വദേശിയായ ഈ 42കാരന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാമ്പു കടിയേറ്റത്. അതിന് ശേഷം തനിക്ക് മുടങ്ങാതെ എല്ലാവർഷവും പാമ്പു കടിയേറ്റതായി സുബ്രഹ്മണ്യം ഓർക്കുന്നു. ഇതിൽ മൂർഖന്റെ കടിയും ഉൾപ്പെടും. മൂർഖൻ പാമ്പുകൾ വലതു കയ്യിലും വലതു കാലിലുമാണ് കടിച്ചത്. പാമ്പു കടിയേറ്റാൽ പത്തുദിവസത്തോളമാണ് വിശ്രമത്തിനായി മാറ്റിവെയ്ക്കുന്നത്. ഓരോ പ്രാവശ്യം പാമ്പു കടിയേൽക്കുമ്പോൾ ചികിത്സയ്ക്കായി 10000 രൂപയാണ് വേണ്ടി വരുന്നതെന്നും സുബ്രഹ്മണ്യം പറയുന്നു. ചികിത്സയ്ക്കായി വർഷംതോറും വലിയ തോതിൽ പണം ചെലവഴിച്ച് തന്റെ ജീവിതം കൂലിപ്പണിക്കാരനെ പോലെയായെന്ന് അദ്ദേഹം പറയുന്നു.