കൊൽക്കത്ത: മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തി. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ബാഗേജ് ബെൽറ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്.

സംഭവത്തിൽ പത്രപ്രവർത്തകനായ തരുൺ ശുക്ല ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. വിമാനത്തിനുള്ളിൽ പാമ്പ് ചുരുണ്ടുകൂടി ഇരിക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കിട്ടു. പാമ്പിനോ യാത്രക്കാർക്കോ പരിക്കേറ്റിട്ടില്ല.

 

ടൈംസ് ഓഫ് ഇന്ത്യ റിപ്പാർട്ടനുസരിച്ച് റായ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് എത്തിയ വിമാനം മുംബൈയിലേക്കുള്ള യാത്രയ്ക്ക് മുൻപായുള്ള പരിശോധനയ്ക്കിടെയാണ് ഗ്രൗണ്ട് സ്റ്റാഫ് പാമ്പിനെ കണ്ടത്. ഉടനെ തന്നെ അവർ എയർപോർട്ട് ജീവനക്കാരെ വിവരം അറിയിക്കുകയും പരിസരം ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിലെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ വനം വകുപ്പ് പാമ്പിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു. ബാഗേജ് ബെൽറ്റിനുള്ളിൽ കയറിപ്പറ്റിയത് വിഷമില്ലാത്ത ചേരയാണെന്ന് പിന്നീട് വനം വകുപ്പ് അധികൃതർ പറഞ്ഞു.