ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം സ്‌നേഹ രണ്ട് വ്യവസായികൾക്കെതിരെ പൊലീസിൽ പരാതി നൽകി. 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് പരാതി. ചെന്നൈ കാനാതൂർ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്.

എക്‌സ്‌പോർട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി ഇവർ കബളിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. ഇതുവരെ പണമൊന്നും തന്നില്ല. പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറഞ്ഞു.സ്‌നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ധനുഷിന്റെ പട്ടാസിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്. വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.