കോഴിക്കോട്: മാധ്യമങ്ങളോട് നിരവധി കാര്യങ്ങൾ പറയാനുണ്ടെന്നും അതെല്ലാ പിന്നെ പറയാമെന്നും മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും മിസോറാം ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ളയുമായി അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.

ഇന്ന് ഉച്ചയ്ക്കാണ് ശോഭ സുരേന്ദ്രൻ ശ്രീധരൻ പിള്ളയെ കാണുന്നതിനായി കോഴിക്കോടെത്തിയത്. സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയത രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ ശോഭസുരേന്ദ്രനും പിഎസ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഒന്നര മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചക്കൊടുവിലാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്.

തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. സ്ഥാനമോഹി ആയിരുന്നെങ്കിൽ ഞാൻ ബിജെപിയിൽ പ്രവർത്തിക്കില്ലായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു വാർഡ് മെമ്പർ പോലുമില്ലാത്ത കാലത്താണ് ഞാൻ ബിജെപിയിൽ വന്നത്. അതു കൊണ്ട് തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ തനിക്ക് സങ്കടമില്ല. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്. അവ വിശദമായി പിന്നീടൊരിക്കൽ പറയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന ബിജെപിയിൽ വിഭാഗീയതയും പിണക്കങ്ങളും സജീവമായി നിൽക്കെയാണ് ശോഭസുരേന്ദ്രൻ മിസോറാം ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടുമായ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇന്ന് ഉച്ചയോടെയാണ് ശോഭ സുരേന്ദ്രൻ ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ എത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറിലധികം നീണ്ടതായിരുന്നു.

ബിജെപി സംസ്ഥാന പ്രിസഡണ്ടായി കെ സുരേന്ദ്രൻ സ്ഥാനമേറ്റെടുത്തതിനെ ചൊല്ലി സംസ്ഥാനത്തെ ബിജെപിയിൽ വലിയ വിഭാഗീയത നിലനിൽക്കുന്നതിനിടയിൽ മുൻ സംസ്ഥാന പ്രസിഡണ്ടുമായുള്ള ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും കെ സുരേന്ദ്രൻ സംസ്ഥാന പ്രിസിഡണ്ടായതിനെതിരെ പരസ്യമായി രംഗത്തു വന്ന നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രൻ.

കെ സുരേന്ദ്രൻ പ്രസിഡണ്ടായതിന് ശേഷം ബിജെപിയുടെ പൊതു പരിപാടികളിലോ ചാനൽ ചർച്ചകളിലോ മറ്റുവേദികിലോ ശോഭസുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല എന്നത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ കോഴിക്കോടെത്തി ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തിയിരിക്കുന്നത്.അതേ സമയം ശ്രീധരൻ പിള്ളയുടെ ക്ഷേമം അന്വേഷിക്കാനാണ് താൻ കോഴിക്കോട് എത്തിയത് എന്നാണ് ശോഭ സുരേന്ദ്രൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.