കോഴിക്കോട്: സംസ്ഥാന ബിജെപിയിൽ വിഭാഗീയതയും പിണക്കങ്ങളും സജീവമായി നിൽക്കെ ശോഭസുരേന്ദ്രൻ മിസോറാം ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടുമായ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. അൽപ സമയങ്ങൾക്ക് മുമ്പാണ് ശോഭ സുരേന്ദ്രൻ ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ എത്തിയത്.

ശ്രീധരൻ പിള്ളിയുമായുള്ള കൂടിക്കാഴ്ച ഇപ്പോഴും പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന പ്രിസഡണ്ടായി കെ സുരേന്ദ്രൻ സ്ഥാനമേറ്റെടുത്തതിനെ ചൊല്ലി സംസ്ഥാനത്തെ ബിജെപിയിൽ വലിയ വിഭാഗീയത നിലനിൽക്കുന്നതിനിടയിൽ മുൻ സംസ്ഥാന പ്രസിഡണ്ടുമായുള്ള ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും കെ സുരേന്ദ്രൻ സംസ്ഥാന പ്രിസിഡണ്ടായതിനെതിരെ പരസ്യമായി രംഗത്തു വന്ന നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രൻ.

കെ സുരേന്ദ്രൻ പ്രസിഡണ്ടായതിന് ശേഷം ബിജെപിയുടെ പൊതു പരിപടികളിലോ ചാനൽ ചർച്ചകളിലോ മറ്റുവേദികിലോ ശോഭസുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല എന്നത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ കോഴിക്കോടെത്തി ശ്രീധരൻ പിള്ളിയുമായി ചർച്ച നടത്തുന്നത്.

അതേ സമയം ശ്രീധരൻ പിള്ളയുടെ ക്ഷേമം അന്വേഷിക്കാനാണ് താൻ കോഴിക്കോട് എത്തിയത് എന്നാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. വളരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നേതാവാണ് ശ്രീധരൻ പിള്ള. അദ്ദേഹത്തിന് വലിയ ഭരണഘടന പദവി ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് കാണാനെത്തുന്നതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ വിഭാഗീയതകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ ഇവിടെ തന്നെയുണ്ടാകുമെന്നും നമുക്ക് വീണ്ടും കാണമെന്നും ശോഭസുരേന്ദ്രൻ പറഞ്ഞു.