കഴക്കൂട്ടം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ കളംനിറകയുകയാണ് ശോഭാ സുരേന്ദ്രൻ. ശോഭ ഇന്നലെ മണ്ഡലത്തിൽ എത്തിയത് മുതൽ ഓളമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർത്ഥിയാണ് താനെന്ന് ശോഭ വ്യക്തമാക്കി. കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാർത്ഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താൻ അത്തരം ഒരു സ്ഥാനാർത്ഥിയാണെന്നും ശോഭ വ്യക്തമാക്കി. മുരളീധരൻ പ്രവർത്തിച്ച മണ്ഡലത്തിലേക്കുള്ള തന്റെ വരവിൽ കഴക്കൂട്ടത്തെ പ്രവർത്തകർ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനെ നേരിടാൻ കഴിവുള്ള ഒരു സ്ഥാനാർത്ഥിയെയാണ് കഴക്കൂട്ടം കാത്തിരുന്നതെന്നും അവർ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട അസുര നിഗ്രഹത്തിനാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നതെന്നും തുടർ ഭരണമുണ്ടായാൽ ശബരിമല ആവർത്തിക്കുമെന്നും അവർ വ്യക്തമാക്കി. 'കഴക്കൂട്ടത്തെ സ്ഥാനാർത്ഥിത്വത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഒരു അസുര നിഗ്രഹം അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാർത്ഥിയെ, കൂടുതൽ കഴിവുള്ള സ്ഥാനാർത്ഥിയെ ഞാനുൾപ്പെടെയുള്ളവർ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല മുരളീധരൻ ശ്രദ്ധവച്ച് പ്രവർത്തിച്ച ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി എത്തിയതിൽ പ്രവർത്തകരും സന്തോഷത്തിലാണ്'.

'സ്ഥാനാർത്ഥിയുടെ പേര് എന്നത് പ്രസക്തമല്ല. ശോഭാ സുരേന്ദ്രൻ ഒരു സ്ഥാനാർത്ഥിയായി മാറുന്നു എന്നു മാത്രമേ ഉള്ളു. വിശ്വാസം സംബന്ധിച്ച നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. അതിനർഥം തുടർ ഭരണമുണ്ടായാൽ ശബരിമല ആവർത്തിക്കും ഒപ്പം യുവതീ പ്രവേശനം സാധ്യമാക്കും. അതാണല്ലോ പാർട്ടി നിലപാട്. അഫിഡവിറ്റ് തിരുത്താൻ തയ്യാറായിട്ടില്ല. ഒരേ സമയം വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കുകയും എന്നാൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ വിശ്വാസികളുടെ വോട്ട് എന്നുള്ള ആഗ്രഹം അത് സ്വാംശീകരിച്ചെടുത്ത് ഒരു കടകം മറിച്ചിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയിട്ടുള്ളത്'.

'ശബരിമല വിഷയത്തിൽ ഗ്യാലറിയിൽ ഇരുന്ന് കളി കണ്ടവരാണ് കോൺഗ്രസ് നേതാക്കൾ. ഒരാൾക്കെതിരെ ഒരു പെറ്റി കേസ് പോലും നിലനിൽക്കുന്നില്ല'. സ്ഥാനാർത്ഥിത്വത്തിൽ 33 ശതമാനം സ്ത്രീകൾക്ക് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ അത് ബിജെപി മാത്രമാണ്. ഒരു സ്വയം പ്രാപ്തയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചു കഴിഞ്ഞാൽ ആ തെളിയിക്കുന്ന വഴികളിലൂടെ മുന്നോട്ട് പോയാൽ സമയമാകുമ്പോൾ അവസരം വരും എന്നുള്ളതാണ്. ഞാനൊന്നും സംവരണത്തിലൂടെ വളർന്നു വന്ന ആളല്ല. ഗൗരിയമ്മയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ട്, പിറ്റേദിവസം മുഖ്യമന്ത്രി ആകുമ്പോൾ ഉടുക്കേണ്ട സാരി മാറ്റിവയ്ക്കണമെന്ന് പറഞ്ഞ ഒരു നാടല്ലേ ഇത്'- ശോഭ കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി എത്തുമ്പോൾ പോരാട്ടം കനക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.