കൊച്ചി: സ്റ്റാർട്ട്.. ആക്ഷൻ.. ക്യാമറ.....ഇത്തവണ അതു പറഞ്ഞത് മോഹൻലാലാണ് ആണ്. ക്യമാറയ്ക്ക് മുന്നിൽ നിന്ന് ബറോസിലെ പെൺകുട്ടിയും. അങ്ങനെ മോഹൻലാലും സിനിമാ സംവിധായകനായി. ക്യാമറയ്ക്ക് പിറകിൽ സന്തോഷ് ശിവൻ. എല്ലാം ഏകോപിപ്പിച്ച് ജിജോയും. ആരാധകരുടെ പ്രതീക്ഷകൾ സ്‌ക്രീനിൽ പൂവണിയിക്കാനുള്ള യാത്രയിലാണ് മോഹൻലാൽ. ബറോസിന്റെ ഷൂട്ടിംഗിന് നവോദയാ സ്റ്റുഡിയോയിലാണ് മോഹൻലാലിന്റെ ആദ്യ സിനിമാ സംവിധായക സംരഭം.

സംവിധായകനായുള്ള വേഷപ്പകർച്ചയുടെ ഫോട്ടോകൾ സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചതും മോഹൻലാൽ തന്നെയാണ്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.പ്രഖ്യാപനത്തിന് പിന്നാലെ വലിയ ചർച്ചയായ സിനിമയാണ് ബറോസ്. കഴിഞ്ഞ വർഷം അവസാനം തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിച്ചേർന്നിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ അഭിനയിക്കുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബറോസ് പൂർത്തിയാകുന്നത് വരെ മോഹൻലാൽ മറ്റ് സിനിമകളിൽ നിന്നും മാറി നിൽക്കും.

പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുണ്ടാകുന്ന സംഭവങ്ങളിടെ പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാൻ ഏൽപ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാർത്ഥ പിൻഗാമിക്ക് മാത്രമേ അത് നൽകാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അരിുകിലേയ്ക്ക് ഒരു പെൺകുട്ടി എത്തുന്നു. പിന്നീട് ഇരുവരും ചേർന്ന് നടത്തുന്ന സാഹസികമായ യാത്രകളിലൂടെയാണ് ബറോസിന്റെ കഥ പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പെൺകുട്ടിയുടെ ഷോട്ടുകൾ എടുത്താണ് ഷൂട്ടിംഗിന്റെ ആദ്യ ദിവസം തുടങ്ങിയത്. മോഹൻലാലാണ് ചിത്രത്തിൽ ബറോസിന്റെ റോൾ ചെയ്യുന്നത്. എന്നാൽ ലാലിന് ഇന്ന് അഭിനയ രംഗങ്ങളില്ല. പൃഥ്വിരാജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ പൃഥ്വിക്കും ഇന്ന് ഷൂട്ടിംഗില്ല.

രാവിലെ ഒൻപത് മണിക്കാണ് ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന്റെ പൂജ വിപുലമായി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിംഗിൽ അധികമാരേയും ക്ഷണിച്ചതുമില്ല. മോഹൻലാലിന്റെ ഭാര്യയും ചിത്രീകരണത്തിന് എത്തിയില്ല. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത് സംവിധായകനായ മോഹൻലാൽ തന്നെയാണ്. വിദേതാരങ്ങളാണ് ചിത്രത്തിൽ അധികവും വേഷമിടുന്നത്. ഇതിന്റെ കാരണം മോഹൻലാൽ തന്നെ പല അഭിമുഖങ്ങളിലും വ്യക്താക്കിയിരുന്നു.സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേൽ അമർഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ടെ മോഹൻലാൽ അറിയിച്ചിരുന്നു.

വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമൻ കോൺട്രാക്ട്, റാംബോ, സെക്സ് ആൻഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. കൊച്ചിയിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയ ശേഷം ഷൂട്ടിങ് ഗോവയിലേക്ക് മാറും. ഷൂട്ടിംഗിനിടെ ബിഗ് ബോസിലും ലാൽ സജീവമായി പങ്കെടുക്കും. അതുകൊണ്ട് തന്നെ മറ്റുകാര്യങ്ങളിൽ ഒന്നും ലാൽ തൽകാലം ശ്രദ്ധിക്കില്ല. അങ്ങനെ ബറോസിൽ മാത്രമായി കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം.

2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. പോയവർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രം 'അമ്മ'യുടെ നിർമ്മാണത്തിലെത്തുന്ന മൾട്ടിസ്റ്റാർ ചിത്രമാണ്. എന്നാൽ ഇതിന്റെ ചിത്രീകരണം ബറോസിന് ശേഷം തുടങ്ങുമെന്നാണ് സൂചന.

ബറോസിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ് മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.