കാസർകോട്: കാസർകോട് പൊലീസിന്റെ കരുതലിനെ കുറിച്ചുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഉപ്പള അൽ മദീന ബോർവെൽ വാടെർ ഫിൽറ്റർ സ്ഥാപകനായ ശാഹുൽ ഹമീദ് ബി കെയാണ് കാസർകോട് പൊലീസിൽ നിന്നുണ്ടായ തന്റെ അനുഭവം വീഡിയോയിലൂടെ വിവരിച്ചത്.

കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പാർസലായി എത്തിയ മീനുമായി മടങ്ങുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ ടയർ പഞ്ചറാവുകയും തുടർന്ന് പാതയോരത്ത് നിർത്തിയിടുകയും ചെയ്തു. പിറകെയെത്തിയ പൊലീസുകാർ ഇദ്ദേഹത്തിനടുത്തെത്തി വിവരമന്വേഷിച്ചു. തുടർന്ന് അദ്ദേഹത്തോട് മാറി നിൽക്കാൻ അപേക്ഷിച്ചു.

പൊലീസുകാർ തന്നെ ജാക്കി വെച്ച് ടയർ എടുത്ത് മാറ്റുകയും സ്റ്റെപിനി വെച്ചുകൊടുക്കുകയും ചെയ്തു. പ്രായമുള്ള ആളാണെന്നതും ദൂര പ്രദേശത്ത് നിന്നാണ് വരുന്നതെന്നും കയ്യിലിരിക്കുന്നത് മീൻ ആണെന്നതുമാണ് തങ്ങൾ കണക്കിലെടുത്തതെന്ന് പൊലീസുകാർ പറയുന്നത് . ട്രാഫിക് എസ് ഐ മാരായ കെ രാമകൃഷ്ണനും വിശ്വനാഥനും ഡ്രൈവറുമാണ് ഇദ്ദേഹത്തിന്ന് തുണയായത്.

ജനങ്ങളുടെ താരമായി എസ് ഐ വിശ്വനാഥന്ന് മാറുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായ സംഭവങ്ങളാണ് 2018 ലും ഉണ്ടായത്. കാസർകോട് മംഗലാപുരം ദേശിയ പാതയുടെ ശോചനീയാവസ്ഥ കാരണം ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന രീതിയിലായിരുന്നു. ഒരു മാസം കൊണ്ട് 6 ജീവനുകളാണ് അന്ന് ഈ റോഡിൽ പൊലിഞ്ഞു പോയിരുന്നത്. അതുകൊണ്ടു തന്നെ രാത്രി കാലങ്ങളിൽ ദേശീയപാതയിൽ ഉടനീളം പൊലീസിന്റെ കാവലും ഏർപെടുത്തിയുരുന്നു.

2018 ഓഗസ്റ്റ് 26 ന് അർധരാത്രി എയർപോർട്ടിൽ പോകുകയായിരുന്ന കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദശിയുടെയും ഗോവയിലേക്ക് പോകുകയിരുന്ന കോട്ടയം സ്വദേശിയുടെയും കാറുകൾ ഒരേ ദിവസം മണിക്കൂറുകൾ ഇടവിട്ട് ബ്രെക്ഡൗൺ ആയപ്പോഴും രക്ഷകനായി എത്തിയത് എസ് ഐ വിശ്വനാഥന്നും സംഘവുമാണ്.

ടയറുകൾ മാറ്റി ഇട്ടു നൽകുക മാത്രമല്ല ദേശിയ പാതയിലെ തുടർന്നുള്ള യാത്ര അതീവ ദുർഘടം ആയതിനാൽ സ്റ്റെപ്പിനി ടയർ ഇല്ലാതെ പോകുന്നത് സുരക്ഷിതമല്ലന്ന കാരണത്താൽ പഞ്ചറായ ടയർ നന്നാക്കി നൽകിയും വാഹനത്തിലുണ്ടായിരുന്ന കുടുംബത്തിന് ഭക്ഷണം എത്തിക്കാനും ഇവർ സഹായിച്ചു.

കണ്ടു പരിചയമില്ലാത്ത പൊലീസിന്റെ രീതിയിൽ ആകൃഷ്ടരായ കോട്ടയത്തെ കുടുംബം കുറച്ചു പണം പൊലീസുകാർക്ക് നീട്ടിയെങ്കിലും സ്വീ കരിക്കാതെ ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ് എന്ന് പറഞ്ഞു യാത്ര അയക്കുകയായിരുന്നു. ഇക്കാര്യങ്ങൾ വിവരിച്ച കുടുംബങ്ങളുടെ ഫേസ്‌ബുക് പോസ്റ്റുകളാണ് സംഭവം പുറത്തറിയാൻ കാരണമായത് ഈ സേവനത്തിന് അന്നത്തെ ജില്ലാ പൊലീസ് മാധവി ഡോക്ടർ എ ശ്രീനിവാസൻ ഐ പി എസ് പ്രശസ്തി പത്രം നൽകിയാണ് ഇദ്ദേഹത്തെ ആദരിച്ചത്.