തിരുവനന്തപുരം: സിപിഎമ്മിനോടും പിണറായി വിജയനോടും എതിർപ്പുള്ളവർ പോലും ടീച്ചറെ ശരിവച്ചിരുന്നു. നിപ്പ, പ്രളയം, കോവിഡ് കാലത്ത് മന്ത്രിയായുള്ള കെ.കെ.ശൈലജയുടെ പ്രകടനം മാത്രമല്ല, ശാന്തസൗമ്യമായി കാര്യങ്ങൾ പറഞ്ഞുപോകുന്ന ശൈലിയും ഏറെ ജനപ്രീതി നേടി. കോവിഡ് ആദ്യ തരംഗകാലത്ത് ആരോഗ്യവകുപ്പിനെ മികച്ച രീതിയിൽ നയിക്കുമ്പോഴും മുഖ്യമന്ത്രിക്കൊപ്പമുള്ള 6 മണി വാർത്താസമ്മേളനങ്ങളിൽ ടീച്ചർ ഒന്നും സംസാരിച്ചിരുന്നില്ല. എന്നിരുന്നാൽ പോലും 24 മണിക്കൂറും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ടീച്ചറിനോടുള്ള ആദരവ് ഏറിയപ്പോഴാണ് ഭാവി മുഖ്യമന്ത്രിയായി പോലും പലരും മനസ്സിൽ കണ്ടത്. ഇന്നലെ വരെ ടീച്ചറെ മാറ്റിനിർത്തുമെന്ന നേരിയ സൂചന പോലുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പുതുമുഖങ്ങൾക്ക് വേണ്ടിയുള്ള ഈ വെട്ടിനിരത്തലിന്റെ അനുരണനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി.

അണികൾക്കിടയിൽ ഉയരുന്ന പ്രതിഷേധം സോഷ്യൽ മീഡിയയിൽ അണപൊട്ടുകയാണ്. പിണറായി സർക്കാരിന് വേണ്ടി വോട്ടുചെയ്ത സ്ത്രീവോട്ടർമാരും ഇതേ ചോദ്യം ചോദിക്കുന്നു. ടീച്ചറെ മാറ്റിയെങ്കിൽ ക്യാപ്റ്റനും മാറാത്തത് എന്ത്? നിരവധി വനിതകൾ ഫേസ്‌ബുക്കിൽ തങ്ങളുടെ അഭിപ്രായം തുറന്നടിച്ചു. മാധ്യമപ്രവർത്തകരും ടീച്ചറെ ഒഴിവാക്കിയതിലെ അനൗചിത്യം തങ്ങളുടെ ഫേസ്‌ബുക്ക് പേജുകളിൽ നിറയ്ക്കുന്നു.

കെ.ആർ ഗൗരിയമ്മയെ മാറ്റിനിർത്തിയതിന് സമാനമാണ് കെ.കെ ശൈലജയോട് പാർട്ടി ഇപ്പോൾ ചെയ്തതെന്ന് സോഷ്യൽ മീഡിയ പറയുന്നു. എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ പിന്നെ എന്തിന് പിണറായി വിജയനെ മുഖ്യമന്ത്രിയായി നിലനിർത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്.

തുറന്നുപറയാൻ ആവാത്ത ചിലരൊക്കെ ശൈലജ ടീച്ചറും ഗൗരിയമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം കവർ ഇമേജാക്കി.

ഇടത് അനുകൂല പ്രൊഫൈലുകളിൽ പോലും രൂക്ഷവിമർശനമാണ് ഉയരുന്നത്. ചരിത്രം ആവർത്തുകയാണെന്ന ക്യാപ്ക്ഷനോടെ ഗൗരിയമ്മയുടെ ചിത്രവും നിരവധി പേർ പങ്കുവെച്ചു.

പെരുന്തച്ചൻ കോംപ്ലക്‌സ് എന്ന് ചിലരൊക്കെ പിണറായിയെ ഉന്നം വച്ചും പോസ്റ്റുകൾ ഇടുന്നു. ട്രോളന്മാർക്ക് ഇന്ന് ചാകരയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതിനിടെ, സിപിഐഎം മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ 'കോപ്പ്' എന്ന പ്രതികരണവുമായി സിപിഐഎം അനുകൂല ഫേസ്‌ബുക്ക് പേജായ പോരാളി ഷാജി. പിണറായിയുടെ രണ്ടാം സർക്കാരിൽ മന്ത്രിമാരുടെ പട്ടികയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ കൂടിയാണ് പോരാളി ഷാജി ഫേസ്‌ബുക്കിൽ ഇപ്രകാരം കുറിച്ചത്. ഒപ്പം മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പേജിൽ ഒരു പോസ്റ്റ് പോലുമില്ല.

ആരോഗ്യ രംഗത്തെ പ്രവർത്തനത്തിന് അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധ നേടിയ പ്രവർത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാൽ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് കാരണമാവുന്നത്.

60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരിൽ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.