കോഴിക്കോട്: സോളാർ കേസിൽ സരിത എസ് നായർക്ക് കഠിന തടവ് ശിക്ഷ. ആറ് വർഷമാണ് കഠിന തടവ്. 30,000 രൂപ പിഴയും സരിത അടയ്ക്കണം. സരിതാ എസ് നായർ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷണനുള്ള ശിക്ഷ പീന്നീട് വിധിക്കും.

സോളാർ പാനൽ സ്ഥാപിക്കാൻ 42.790 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് വിധി. ചതി, ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായർക്ക്മേൽ തെളിഞ്ഞിരിക്കുന്നത്. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയിൽ വീണ്ടും ആവർത്തിച്ചു.

സോളാർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസിൽ സരിതക്കെതിരെ നിരന്തരം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാൻ തയ്യാറാവാത്ത സാഹചര്യം ഉണ്ടായിരുന്നു. തുടർന്നാണ് കേസിൽ സരിതയെ അറസ്റ്റ് ചെയ്തത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായിട്ടില്ല.വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുൽ മജീദിൽനിന്നു സരിത പണം തട്ടിയത്. മലബാർ ജില്ലകളിൽ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. 

മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. അതിനിടെ അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസിൽ പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.