തിരുവനന്തപുരം: വൈര്യനിര്യാതന ബുദ്ധിയിയിൽ പിണറായി വിജയനെ കഴിഞ്ഞേ ആളുള്ളൂ എന്നാണ് പൊതുവേ ഉയരുന്ന വിമർശനം ഇപ്പോൾ സോളാർ കേസ് സിബിഐക്ക് വിട്ട തീരുമാനത്തോടെ ഈ വാദം കുടുതൽ ശക്തമാകുകയാണ്. രാഷ്ട്രീയമായി സിപിഎമ്മിനെ പിന്നോട്ടടിക്കുന്ന ഈ തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭയിലെ പോലും പലരും അറിയാതെയാണ്. ഇരട്ടത്താപ്പ് എന്താണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതാണ് പിണറായിയുടെ നടപടി. സിബിഐയെ എതിർക്കാൻ വേണ്ടി മാത്രം കോടികൾ ഖജനാവിൽ നിന്നും ചെലവിട്ട സർക്കാറാണ് ക്രെഡിബിലിറ്റി ഇല്ലാത്ത ഒരാളുടെ പരാതി മുഖവിലയ്‌ക്കെടുത്ത് അത് സിബിഐ അന്വേഷണത്തിന് വിട്ടിരിക്കുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സോളർ പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അര ഡസൻ കോടതികളിൽ അവർക്കെതിരെ അറസ്റ്റ് വാറന്റ് നിലനിൽക്കുമ്പോഴാണ് എന്നതാണ് ഏറ്റവും കൗതുകരം. തരാതരത്തിൽ മൊഴികൾ മാറ്റിപ്പറയുന്ന പരാതിക്കാരിയുടെ വിശ്വസനീയത കോടതി പോലും പലവട്ടം ചോദ്യം ചെയ്തതാണ്. ഇവരെ കാണാനില്ലെന്ന റിപ്പോർട്ടാണു പല കേസിലും പൊലീസ് ഇപ്പോഴും കോടതികളിൽ നൽകുന്നത്. എന്നിട്ടും അറസ്റ്റു ചെയ്തിരുന്നില്ല.

ഉമ്മൻ ചാണ്ടി അടക്കം കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി അവർ രഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുകയായിരുന്നു. ഇവർക്കെതിരെ ചാലക്കുടി (കേസ് നമ്പർസിസി 33972020), ആലുവ (32115), എറണാകുളം (64719), പെരിന്തൽമണ്ണ (3614), റാന്നി (10319), തിരുവല്ല (186619) മജിസ്ട്രേട്ട് കോടതികളിൽ കേസ് നടക്കുകയാണ്. തിരുവല്ല, റാന്നി, ചാലക്കുടി കോടതികൾ ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് പരിഗണിച്ച ദിവസങ്ങളിൽ ഇവർ ഹാജരാകാതെ വന്നതോടെയാണു ജാമ്യം റദ്ദാക്കി വാറന്റ് പുറപ്പെടുവിച്ചത്. ചില കേസിൽ ഒന്നും രണ്ടും വർഷമായി വാറന്റ് നിലനിൽക്കുന്നു.

ചാലക്കുടി മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും അവർ ഇതുവരെ ഹാജരാകുകയോ ജാമ്യം എടുക്കുകയോ ചെയ്തിട്ടില്ല. തിരുവല്ല കോടതിയിൽ ഫെബ്രുവരി 5 നാണ് കേസ് വച്ചിരിക്കുന്നത്. അന്നു ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കും. റാന്നിയിൽ 2019 മെയ് 23 ന് ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതാണ്. കഴിഞ്ഞ ഡിസംബർ 26 ന് ഏറ്റവുമൊടുവിൽ കേസ് വിളിച്ചപ്പോഴും ഹാജരായില്ല. സോളർ പാനൽ ഏജൻസി നൽകാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ സംഭവത്തിൽ ഇവർക്കെതിരെ കേരളത്തിലെ ആദ്യ കേസാണിത്.

പെരിന്തൽമണ്ണയിലെ കേസ് ഇപ്പോഴും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നടക്കുന്നു. പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കു വീട്ടിൽ സൗരോർജ പാനൽ സ്ഥാപിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ തട്ടിച്ച കേസാണിത്. ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും പീഡന പരാതിക്കാരി രണ്ടാം പ്രതിയുമാണ്. ഇതിനെല്ലാം പുറമേയാണു തൊഴിൽ വാഗ്ദാനം നൽകി കുറെ യുവാക്കളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിച്ച കേസിൽ ഈയിടെ പ്രതിയായത്.

ഈ കേസിൽ ഇവർ മുൻകൂർ ജാമ്യം തേടി കൂട്ടുപ്രതികൾക്കൊപ്പം കോടതിയിലാണ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് അംഗം ടി. രതീഷ്, പൊതുപ്രവർത്തകൻ ഷാജു എന്നിവരാണു ജോലി തട്ടിപ്പു കേസിലെ മറ്റു പ്രതികൾ. ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച അഡി.സെഷൻസ് കോടതി നാളെ വാദം കേൾക്കുംയ ബവ്റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണു നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 2 പേരാണു പരാതിക്കാർ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയതെന്നാണു പരാതി.

തെളിവായി വ്യാജ ഉത്തരവ്, പണം നൽകിയതിന്റെ രേഖ, ശബ്ദരേഖ എന്നിവ ശേഖരിച്ചിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ തേസിൽ നിന്നും അവരെ ഒഴിവാക്കാൻ ശ്രമം ശക്തമായി നടക്കുന്നുമുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുമായി നേരിൽ കാണുന്നതും പരാതി നൽകുന്നതും. ഈ പരാതിയെ അടിസ്ഥാനമാക്കിയാണ് സിബിഐ അന്വേഷണത്തിന് നിർദ്ദേശം നൽകിയതെന്നതും പിണറായിയുടെ വൈരാഗ്യ ബുദ്ധിയുടെ തെളിവായി മാറി.