ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യത്തിലെത്താൻ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം. തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.

'നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിർബന്ധങ്ങളും ഉണ്ടാവും. എന്നാൽ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാൽ നമുക്ക് ഒരുമിച്ച് അതു നേരിടാം, കാരണം ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഒരു ബദലുമില്ല.' സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ രാജ്യത്തിനു നൽകുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവർത്തിക്കാനും സോണിയ ആഹ്വാനം ചെയ്തു. പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികൾ കാണിച്ച ഐക്യം തുടർന്നു കൊണ്ടുപോകണമെന്നും അവർ അഭ്യർത്ഥിച്ചു.

നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു.

പാർലമെന്റിന് പുറത്തും പ്രതിപക്ഷം യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. പാർട്ടി താല്പര്യത്തിന് അതീതമായി രാജ്യതാൽപ്പര്യത്തിന് പ്രാധാന്യം നൽകിയുള്ള നീക്കങ്ങളുണ്ടാകണം. സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.

കോവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് വെള്ളിയാഴ്ച ചേർന്നത്. പെഗസ്സസ് ഫോൺ ചോർത്തൽ, കർഷക സമരം, ഇന്ധന വിലക്കയറ്റം ഉൾപ്പടെ സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്കുള്ള തീരുമാനം യോഗത്തിലുണ്ടായി.

പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് മുമ്പൊന്നുമില്ലാത്ത രീതിയിൽ പ്രതിപക്ഷത്ത് യോജിപ്പ് പ്രകടമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിർദ്ദേശം.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു സർക്കാരിനെ രാജ്യത്തിന് നൽകാനുള്ള ലക്ഷ്യത്തോടെ ഏകമനസ്സായി ആസൂത്രണം നടത്തണമെന്നും പ്രതിപക്ഷ പാർട്ടികളോട് അവർ ആവശ്യപ്പെട്ടു.

സഭയിലെ സുപ്രധാന വിഷയങ്ങളിൽ സർക്കാർ ചർച്ചകൾ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പാർലമെന്റ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കോൺഗ്രസിന്റെ മേൽക്കൈ ഉറപ്പിക്കുന്നതിനാണ് നീക്കം. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പിറന്നാളിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചിരുന്നു. യോഗത്തിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷപാർട്ടികളുടെ സഖ്യത്തെ നയിക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന സംശയങ്ങൾ ഉയരുന്നതിനിടെയാണ് സോണിയാഗാന്ധി യോഗം വിളിച്ചത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കൾ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി., ആർ.എൽ.ഡി., എൻ.സി.പി., ശിവസേന, മുസ്ലിംലീഗ്, ആർ.എസ്‌പി., ഡി.എം.കെ., ഇടതുപാർട്ടികൾ, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കാളികളായി. സമാജ് വാദി പാർട്ടി, എ.എ.പി, ബിഎസ്‌പി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.