ന്യൂഡൽഹി: കോവിഡ് വിഷയത്തിൽ സുപ്രംകോടതി സ്വമേധയാ കേസെടുത്തു വാദിക്കുന്നതിനിടെ ഇന്ന് കൗതുകകരമായ സംഭവങ്ങൾക്കും കോടതി സാക്ഷിയായി. കോൺഗ്രസ് പ്രവർത്തകസമിതിയിൽ സോണിയ നടത്തിയ പ്രസംഗം സുപ്രീം കോടതിയുടെ വിഡിയോ കോൺഫെറെൻസിൽ എത്തിയതാണ് ചർച്ചാവിഷയമായത്.

കോവിഡ് വിഷയത്തിൽ സ്വമേധയാ കേസ് ഇന്ന് കോടതി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സീനിയർ അഭിഭാഷകർ ആയ പി.ചിദംബരത്തിന്റെയും, കപിൽ സിബലിന്റെയും വോയിസ് അൺമ്യുട്ട് ചെയ്യാൻ വിഡിയോ കോൺഫെറെൻസ് കൺട്രോൾ റൂമിനോട് ആവശ്യപ്പെട്ടിരുന്നു.

സോളിസിറ്റർ ജനറലിന്റെ ആവശ്യം പരിഗണിച്ച് കൺട്രോൾ റൂം ചിദംബരത്തിന്റെയും സിബലിന്റെയും മൈക്ക് അൺമ്യുട്ട് ചെയ്തു. എന്നാൽ, പെട്ടന്ന് സ്‌ക്രീനിൽ കേട്ടത് സോണിയ ഗാന്ധി പ്രവർത്തക സമിതിയിൽ നടത്തുന്ന പ്രസംഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ് കനത്ത പരാജയം ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചു ചേർത്തിരുന്നു.

ഈ യോഗത്തിൽ പങ്കെടുക്കവേ തന്നെയായിരുന്നു കപിൽ സിബലും ചിദംബരവും കോടതി നടപടികളിലും പങ്കാളികളായത്.യോഗത്തിനിടെയാണ് സുപ്രീം കോടതിയിൽ വീഡിയോ കോൺഫറൻസിൽ കൂടി പങ്കെടുത്തതെന്ന് വ്യക്തമായി.