മുംബൈ: '' ഒന്നുകിൽ അദ്ദേഹത്തിന് ഒരു കിടക്ക കൊടുക്കൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയൂ''- കോവിഡ് ബാധിച്ച് അവശനായ
പിതാവിനെയും കൊണ്ട് രണ്ടു സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ കയറിയിറങ്ങിയ മകൻ ഒടുവിൽ നടത്തിയ അഭ്യർത്ഥനയാണിത്. രോഗബാധിതരുടെ എണ്ണം പൊടുന്നനെ കുത്തനെ കൂടിയതോടെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ് മഹാരാഷ്ട്രയിൽ പലയിടത്തും.

മുംബൈയിൽനിന്നും 850 കിലോമീറ്റർ അകലെ ചന്ദ്രപൂർ സ്വദേശിയാണ് കിഷോർ നഹർഷെട്ടിവർ. പ്രായമായ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആശുപത്രിയിലും ഒഴിവില്ല. ആദ്യം വറോറ ആശുപത്രിയിൽ പോയി. അവിടന്ന് ചന്ദ്രപൂർ. അടുത്തുള്ള സ്വകാശ ആശുപത്രിയിലെല്ലാം നോക്കി. എങ്ങും കിടക്കകൾ ഒഴിവില്ല.

പുലർച്ചെ ഒന്നരയോടെ തെലങ്കാന അതിർത്ത് കടന്നു. മൂന്നു മണിയോടെയാണ് ആശുപത്രിയിൽ എത്തിയത്. അവിടെയും കിടക്കകളില്ല. പിന്നെ തിരിച്ചുപോന്നു. ഇപ്പോൾ ആംബുലൻസിൽ പിതാവിനെ കിടത്തി ആശുപത്രിക്കു മുന്നിൽ ക്യൂവിലാണ്- കിഷോർ പറയുന്നു.

ആംബുലൻസിലെ ഓക്സിജൻ സൗകര്യം തീർന്നുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ അദ്ദേഹത്തിന് ആശുപത്രിയിൽ ഒരു കിടക്ക നൽകുക, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവച്ച് കൊന്നുകളയുക- അധികൃതരോട് ഇതു മാത്രമേ പറയാനുള്ളൂവെന്ന് കിഷോർ പറഞ്ഞു. ഈയവസ്ഥയിൽ പിതാവിനെ വീട്ടിലേക്കു തിരികെ കൊണ്ടുപോവുവന്നത് എങ്ങനയെന്ന് കിഷോർ ചോദിക്കുന്നു.