മുംബൈ: ലോക്ഡൗണിൽ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുത്ത് സഹായങ്ങൾ നൽകി ജനശ്രദ്ധ നേടിയ നടനാണ് സോനു സുദ്. ഇപ്പോഴിതാ ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വ്യക്തമാക്കുകയാണ് സോനു. സർക്കാർ അവർക്ക് വേണ്ടി ചെയ്ത കാര്യങ്ങളിൽ ബിഹാറിലെ ജനങ്ങൾ ശരി കണ്ടിരിക്കാമെന്ന് താരം പറഞ്ഞു.

'ആളുകൾ എന്തെങ്കിലും ശരിയായി കാണുന്നുണ്ടാകണം. ഇന്ത്യയിലെ ആളുകൾക്ക് വളരെയധികം പ്രതീക്ഷകളുണ്ട്, അവർ ചിലപ്പോൾ നിങ്ങൾക്ക് രണ്ടാമത്തെ അവസരം നൽകും. അല്ലെങ്കിൽ മൂന്നാമത്തെ അവസരം. അവരുടെ ജീവിതം മെച്ചപ്പെട്ട രീതിയിലെത്താൻ അവർ ആഗ്രഹിക്കുന്നു.' ബിഹാർ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സോനുമറുപടി പറഞ്ഞു.

ആര് വിജയിച്ചുവെന്നതിൽ പ്രധാന്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അഞ്ച് വർഷത്തിന് ശേഷം നമുക്ക് മറ്റൊരു ബീഹാർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങൾ വിശ്വസിച്ച കാര്യങ്ങൾ നൽകിയ ഒരു സർക്കാരിനെ തിരഞ്ഞെടുത്തതിൽ ബിഹാർ ജനതയ്ക്ക് അഭിമാനിക്കാമെന്നും സോനു പറഞ്ഞു.