കൊച്ചി: മാനസയെ വെടിവച്ചു കൊല്ലാൻ രാഖിൽ തോക്ക് വാങ്ങിയത് കണ്ടെത്താൻ പോയ പൊലീസിനുണ്ടായത് കടുത്ത ചെറുത്തു നിൽപ്പ്. ബീഹാറിലെ അറസ്റ്റിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. പ്രതികളെ തേടി ബിഹാറിൽ എത്തിയ ആലുവ റൂറൽ ജില്ലാ പൊലീസ് കരുതലോടെയാണ് നീങ്ങിയത്. പഴയ തോക്ക് വാങ്ങാനെന്ന് പറഞ്ഞ് സോനുകുമാർ മോദിയുടെ അടുത്ത് എത്തി. അവർ അത് വിശ്വസിക്കുകയും ചെയ്തു. അതിന് ശേഷമായിരുന്നു അറസ്റ്റ്.

വനപ്രദേശമായ പർസന്തോ കുഗ്രാമത്തിൽ നിന്നു സോനുകുമാറിനെ കസ്റ്റഡിയിൽ എടുത്തു മടങ്ങുമ്പോൾ പ്രതിസന്ധിയുണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. ഇത് തന്നെ സംഭവിച്ചു. പ്രതികളുമായി വരുമ്പോൾ വഴിയിൽ പ്രതിയുടെ കൂട്ടാളികൾ 4 ബൈക്കുകളിൽ എത്തി തടഞ്ഞു. സായുധരായ 3 പേർ വീതം എത്തി. സമയോചിതമായി ബീഹാർ പൊലീസ് ഇടപെട്ടു.

കേരളത്തിൽ നിന്നു പോയ പൊലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു. ബിഹാർ പൊലീസ് ആകാശത്തേക്കു 3 റൗണ്ട് നിറയൊഴിച്ചു. ഇതോടെ കൂട്ടുകാർ പിരിഞ്ഞു പോയി. പിന്നെ ആതിവേഗം പ്രതികളുമായി പൊലീസ് സ്‌റ്റേഷനിൽ. അപ്പോഴും സോനുകുമാറിനെ മോചിപ്പിക്കാൻ നാട്ടുകാരെത്തി. കേരളത്തിലേക്ക് വിട്ടു കൊടുക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പക്ഷേ പൊലീസ് ഉറച്ച നിലപാട് എടുത്തു.

പൊലീസ് പിടിക്കും വരെ താൻ കൊടുത്ത തോക്കുപയോഗിച്ചു കേരളത്തിൽ കൊലപാതകം നടന്ന വിവരം സോനുകുമാറോ ഇടനിലക്കാരൻ മനീഷ്‌കുമാർ വർമയോ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് പൊലീസ് എത്തിയത്. അതുകൊണ്ട് തന്നെ രക്ഷപ്പെടാനും കഴിഞ്ഞില്ല. സ്ഥലത്തെ പ്രധാനിയായിരുന്നു സോനുകുമാർ.

വീടിനോടു ചേർന്നു ചെറിയ സ്റ്റേഷനറി കട നടത്തുന്ന സോനുകുമാറിന്റെ പ്രധാന ബിസിനസ് 'ഓൺലൈൻ മണി ട്രാൻസ്ഫറാ'ണ്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുടെ പണം കമ്മിഷൻ കൈപ്പറ്റി അവരുടെ വീടുകളിൽ തത്സമയം എത്തിക്കുന്നതാണ് പ്രധാന ജോലി. ഈ ഗ്രാമത്തിലുള്ളവരുടെ പ്രിയപ്പെട്ടവൻ. തോക്കു വിൽപന ഏജന്റായും പ്രവർത്തിക്കുന്നു.

മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കിയാണു പൊലീസ് 2 പ്രതികളുടെയും അടുത്തെത്തിയത്. ഊബർ ടാക്‌സി സർവീസ് നടത്തുന്ന ബക്‌സർ സ്വദേശി മനീഷ്‌കുമാർ ഫോൺ ചാർജ് ചെയ്യാൻ വീട്ടിൽ വച്ചിട്ടു പോയതിനാൽ കണ്ടെത്താൻ പ്രയാസമായി. കാർ കച്ചവടത്തിനെന്ന പേരിൽ പിന്നീടു സോനുകുമാറിനെക്കൊണ്ടു വിളിച്ചു വരുത്തുകയായിരുന്നു.

15 വർഷം ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്ന ഹോം ഗാർഡ് സാജു ഏലിയാസിനെ ബിഹാറിലേക്കുള്ള സംഘത്തിലുണ്ടായിരുന്നു. ബിഹാറിൽ ജോലി ചെയ്തു സ്ഥല പരിചയം ഉള്ളയാളാണ്. ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളും സംസാരിക്കും. എസ്‌ഐമാരായ മാഹിൻ സലിം, വി.കെ.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാൻ ബിഹാറിൽ എത്തിയത്. നാട്ടുകാരോടും മറ്റും കേസിലെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയത് സാജുവായിരുന്നു.

അധോലോക സംഘങ്ങളുടെ കേന്ദ്രമായ മുൻഗറിൽ ലോക്കൽ പൊലീസിനെ അറിയിക്കാതെ അതീവരഹസ്യമായാണ് സിനിമാ സ്‌റ്റൈൽ ഓപ്പറേഷൻ നടത്തിയത്. ബിഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടു മാത്രമാണ് ഓപ്പറേഷൻ വിവരങ്ങൾ കേരള പൊലീസ് കൈമാറിയത്. തോക്കു കൈമാറിയ സോനുകുമാറിനെ മുൻഗറിൽനിന്നും ഇടനിലക്കാരനായ മനീഷ് കുമാറിനെ പട്‌നയിൽനിന്നുമാണ് പിടികൂടിയത്.

'പഴയ തോക്ക് കിട്ടുമോ' എന്നു ചോദിച്ചാണ് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. മുൻഗർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്താൻ സോനുകുമാർ അറിയിച്ചു. സാധാരണ വേഷത്തിലാണ് പൊലീസ് സംഘം എത്തിയതെങ്കിലും സോനുവിന്റെ സംഘത്തിലെ ചിലർക്ക് ബിഹാർ പൊലീസിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയാനായി. ഇതാണ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിച്ചത്.