കൊളംബിയ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരായ ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗയുടെ പരിഹാസം കാര്യമാക്കുന്നില്ലെന്ന് സൂര്യകുമാർ യാദവ്. ശ്രീലങ്കയിൽ പരമ്പര ജയം മാത്രമാണ് ലക്ഷ്യമെന്നും ഇന്ത്യൻ താരം പറഞ്ഞു.ശിഖർ ധവാന്റെ നേതൃത്വത്തിൽ ശ്രീലങ്കയിലെത്തിയ സംഘം ഇന്ത്യയുടെ രണ്ടാംനിര ടീമാണെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് അർജുന രണതുംഗെയുടെ പരിഹാസം. അങ്ങനൊരു ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിളിച്ചുവരുത്തിയത് പരസ്യ വരുമാനം മാത്രം ലക്ഷ്യമിട്ടാണ്. ഇത് ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു രണതുംഗെയുടെ വിമർശനം.

എന്നാൽ ഇത്തരം പരാമർശങ്ങൾ കാര്യമായെടുക്കുന്നില്ലെന്ന് ഇന്ത്യൻ ടീമംഗം സൂര്യകുമാർ യാദവ് വ്യക്തമാക്കി. 'കളിക്കാരെല്ലാം കഠിന പരിശീലനത്തിലാണ്. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളും ജയവും മാത്രമാണ് മനസിലുള്ളത്' എന്നും രണതുംഗയ്ക്ക് മറുപടിയെന്നവണ്ണം സൂര്യകുമാർ യാദവ് പറഞ്ഞു.

നേരത്തെ അർജുന രണതുംഗെയുടെ പരാമർശത്തെ ലങ്കൻ ക്രിക്കറ്റ് ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയുടേത് മികച്ച ടീം തന്നെയാണെന്ന് പ്രസ്താവനയുമിറക്കിയ ബോർഡ്, ഇന്ത്യയുടെ 20 അംഗ സ്‌ക്വാഡിലെ 14 താരങ്ങൾ മൂന്ന് ഫോർമാറ്റിലും കളിച്ചവരാണെന്നും വ്യക്തമാക്കി. ലങ്കൻ മുൻ നായകന് മറുപടിയുമായി ഇന്ത്യൻ മുൻ ഓപ്പണറും ഇപ്പോൾ കമന്റേറ്ററുമായ ആകാശ് ചോപ്ര ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.

വിരാട് കോലിയും രോഹിത് ശർമ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും കെ എൽ രാഹുലും ഉൾപ്പടെയുള്ള പ്രധാന താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തിയത്. ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകൻ. ജൂലൈ 13ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.