ചെറുതോണി: അഡോണി ജനിച്ച്് അധികനാൾ കഴിയും മുമ്പാണ് സൗമ്യ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. അവിടെ കെയർടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ മകനെ ലാളിച്ചു കൊതിതീരാതെയാണ് യാത്രയാകുന്നത്. അമ്മ തന്നെവിട്ടു പോയി എന്നത് ഉൾക്കൊള്ളാൻ കുഞ്ഞു മത്തായിക്കും കഴിഞ്ഞിട്ടില്ല. അടുത്ത ഡിസംബറിൽ അമ്മ നാട്ടിൽ വരുമ്പോൾ മത്തായിയുടെ ആദ്യകുർബാന വലിയ ചടങ്ങായി നടത്താനിരുന്നതാണു കുടുംബാംഗങ്ങൾ.

കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു മത്തായിയുടെ ഒൻപതാം പിറന്നാൾ. ഇസ്രയേലിൽ നിന്ന് അമ്മ സൗമ്യ സമ്മാനങ്ങൾ അയച്ചുകൊടുത്തിരുന്നു. സോഫിയാന്റി (സന്തോഷിന്റെ സഹോദരി) ഡിസംബറിൽ വന്നപ്പോഴും അമ്മ കൊടുത്തയച്ച സമ്മാനങ്ങൾ മത്തായിക്കു കിട്ടി. ആദ്യകുർബാന ഡിസംബറിൽ നടക്കുമെന്ന കാര്യം സോഫിയാന്റിയാണ് അവനോടു പറഞ്ഞത്. അന്നു മുതൽ അമ്മ വരാനായി കാത്തിരിക്കുകയായിരുന്നു ഈ കുഞ്ഞ്. സൗമ്യയുടെ മരണവാർത്ത അറിഞ്ഞ് വീട്ടിൽ എത്തുന്നവരിൽ പലരും മത്തായിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെയെല്ലാം അമ്മ അയച്ചുകൊടുത്ത സമ്മാനങ്ങൾ അവൻ കാട്ടിക്കൊടുക്കുന്നുമുണ്ട്.

കുറെ ദിവസമായി സൗമ്യയുടെ അമ്മ സാവിത്രി കരയുന്നത് അവൻ ശ്രദ്ധിച്ചു. 'മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നത്' എന്ന് അവൻ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. അതു കേൾക്കുമ്പോൾ അടുത്തു നിൽക്കുന്നവർക്കും ദുഃഖം താങ്ങാനാകുന്നില്ല. സൗമ്യയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഇടുക്കിയിലെ വീട്ടിലെത്തിക്കും. സൗമ്യ സന്തോഷിന്റെ മൃതദേഹവുമായി പ്രത്യേക വിമാനം ടെൽ അവീവിൽ നിന്ന് ഡൽഹിൽ എത്തിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചിരിക്കുന്നത്.

രാവിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റെടുക്കും. ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇവിടെ നിന്നും ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വിട നൽകാൻ തയ്യാറെടുത്തിരിക്കയാണ് ജന്മനാട്. ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.