ലക്‌നൗ: ഉത്തർപ്രദേശിൽ ഭീം ആർമി പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള അഖിലേഷ് യാദവിന്റെ ശ്രമം വിജയിച്ചില്ല. സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യനീക്കം പരാജയപ്പെട്ടത്. യുപി തെരഞ്ഞെടുപ്പിൽ 10 സീറ്റുകളാണ് ഭീം ആർമി ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് സീറ്റുകൾ നൽകാമെന്നാണ് എസ് പി നിലപാട്. എന്നാൽ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വിയോജിച്ചു.

ബിജെപിയെ പ്രതിരോധിക്കാൻ എസ് പി- ബിഎസ് പി പാർട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ചന്ദ്രശേഖർ ആസാദ് വിശദീകരിച്ചു. അഖിലേഷ് യാദവിനെ കാണാൻ താൻ രണ്ട് ദിവസം ലഖ്നൗവിലുണ്ടായിരുന്നു. എന്നാൽ തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചു. അഖിലേഷും ബിജെപിയും ഒരു പോലെയാണെന്നും ചന്ദ്രശേഖർ ആസാദ് കുറ്റപ്പെടുത്തി. നേരത്തെ ബിജെപി വിട്ടവരെ സ്വീകരിക്കാനുള്ള എസ് പി യോഗത്തിൽ പങ്കെടുക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖ ആസാദും എസ്‌പി ആസ്ഥാനത്ത് എത്തിയിരുന്നു

എസ്‌പിയും ഭീം ആർമി പാർട്ടിയും സഖ്യത്തിലേർപ്പെടുമെന്ന് രാവിലെ മാധ്യമ പ്രവർത്തകരോട് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ മണിക്കൂറിനുള്ളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സഖ്യമില്ലെന്ന് ആസാദ് വ്യക്തമാക്കിയത്.

അഖിലേഷിന് സഖ്യത്തിലേക്ക് ദളിതരെ ആവശ്യമില്ലെന്നും ദളിത് വോട്ട് ബാങ്ക് മാത്രമാണ് വേണ്ടതെന്നും ആസാദ് കുറ്റപ്പെടുത്തി. ബഹുജൻ സമാജിലെ ജനങ്ങളെ അപമാനിച്ചു. സഖ്യത്തിനായി താൻ ഒരുമാസവും 3 ദിവസവും ശ്രമിച്ചെങ്കിലും യാഥാർഥ്യമായില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.

സാമൂഹിക നീതി എന്തെന്ന് മനസിലാക്കാൻ അഖിലേഷിന് കഴിഞ്ഞില്ലെന്നും ദളിതരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചെന്നും ആസാദ് കുറ്റപ്പെടുത്തി. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് വ്യക്തമാക്കി.

യു.പി തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനുള്ള നീക്കത്തിലാണ് അഖിലേഷ് യാദവ്. സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്‌പി), നാഷണിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി), രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി), ജൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്ന ദൾ (കൃഷ്ണ പട്ടേൽ), പ്രഗതിഷീൽ സമാജ് വാദി പാർട്ടി -ലോഹിയ (പി.എസ്‌പി-എൽ), മഹൻ ദൾ എന്നിവയാണ് എസ്‌പിയുടെ സഖ്യകക്ഷികൾ.

അതേ സമയം, യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും ആരോഗ്യ സെക്രട്ടറിയെ കാണും. കോവിഡ് പശ്ചാത്തലത്തിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും നിലവിൽ വിലക്കുണ്ട്. ഇത് തുടരണോ എന്നതിൽ തീരുമാനം എടുക്കാനാണ് ചർച്ച. നിയന്ത്രണങ്ങൾക്കിടയിലും ബിജെപി വിട്ടവരെ സ്വീകരിക്കാനുള്ള യോഗം വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ നടത്തിയതിന് സമാജ് വാദി പാർട്ടിക്കെതിരെ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്. എഡിഎമ്മിനോടും എസിപിയോടും കമ്മീഷൻ വിശദീകരണം തേടി.

ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ ഉൾപ്പടെയുള്ള എംഎൽഎമാരെ അഖിലേഷ് യാദവ് നേരിട്ടാണ് എസ്‌പിയിലേക്ക് സ്വീകരിച്ചത്. എസ്‌പി ആസ്ഥാനത്ത് നടന്ന ചടങ്ങിന് വൻ ജനക്കൂട്ടം എത്തി. റാലികളും യോഗങ്ങളും നിരോധിച്ചിരിക്കെ നടന്ന ചടങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്.