തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. കൊച്ചി കസ്റ്റംസ് ഓഫീസിൽ ബുധനാഴ്ച ഹാജരാകണമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയച്ചത്. നിയമസഭാ തിരക്ക് കാരണം വരാൻ കഴിയില്ല എന്ന് കാട്ടിയായിരുന്നു അയ്യപ്പൻ ഹാജരാകാതിരുന്നത്.

ഇതിന് പിന്നാലെ, അയ്യപ്പനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ കസ്റ്റംസിന് നിയമസഭ സൈക്രട്ടറിയുടെ കത്ത് ലഭിച്ചു. സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കിയാണ് നിയമസഭ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർ കത്ത് നൽകിയത്. നിയമസഭയുടെ പരിധിയിൽ വരുന്നയാൾക്ക് നോട്ടീസ് നൽകണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭ സെക്രട്ടറിയുടെ കത്തിൽ കസ്റ്റംസ് നിയമോപദേശം തേടും.

ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്, ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് അയ്യപ്പൻ പ്രതികരിച്ചത്. ഇതേത്തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് അയ്യപ്പന് നോട്ടീസ് നൽകിയത്.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു