തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കർക്കെതിരായി കസ്റ്റംസിന് നൽകിയ മൊഴി പുറത്ത് വന്നതിന് പിന്നാലെ പി.ശ്രീരാമകൃഷ്ണന്റെ വിശദീകരണം പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ. ഇത് ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ വാർത്താകുറിപ്പിൽ അറിയിച്ചു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്.അതിന്റെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല എന്നും സ്പീക്കർ വിശദീകരണ കുറിപ്പിൽ പറഞ്ഞു.

സ്പീക്കറുടെ വിശദീകരണം ഇങ്ങനെ:

മാധ്യമങ്ങളിൽ 'മൊഴി' എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണ്. രാഷ്ട്രീയ താൽപ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്. പ്രവാസികളായ ഇത്തരം പലരേയും കണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല.

മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ടോളം മൊഴികൾ നൽകിയതായാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പുതിയ കെട്ടുകഥകൾ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാൽ അത് സത്യസന്ധവും നിയമപരവുമായിരിക്കണം. അല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. പൊതുജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ വിശദീകരണ കുറിപ്പ്.

സ്വപ്‌നയുടെ മൊഴിയിലെ ആരോപണങ്ങൾ

.സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ. ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
മിഡിൽഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാനായിരുന്നു സ്പീക്കറുടെ നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. എന്തിനാണ് സ്പീക്കർ ഇക്കാര്യത്തിൽ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡിൽ ഈസ്റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകൾ വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങൾ നോക്കിനടത്താൻ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.

ലഫീർ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാർജ ഭരണാധികാരിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ ചർച്ച നടത്തിയത്. സ്പീക്കർക്കും ഈ സ്ഥാപനത്തിൽ ഷെയറുള്ളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്പീക്കർ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തതായാണ് സ്വപ്നയുടെ മൊഴി.

എന്നാൽ സ്വപ്നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മറ്റ് തെളിവുകൾ ഇ.ഡി സമർപ്പിച്ചിട്ടില്ല. ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുൻപ് അറിയിച്ചത്. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമായി സ്പീക്കർ ഡോളർ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്. എന്നാൽ ഈ കേസിൽ സ്പീക്കറെ ഇതുവരെ ഇ.ഡിക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്പീക്കർക്ക് ഭരണഘടനാപരമായ സംരക്ഷണമുള്ളതാണ് ഇ.ഡിക്ക് തിരിച്ചടിയായത്. സ്പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദർശിച്ചിരുന്നതായാണ് വിവരം.