കൊച്ചി: ഡോളർ അടങ്ങിയ ബാഗ് കൈമാറിയസ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന സ്വപ്‌നാ സുരേഷിന്റേയും സരിതയുടേയും മൊഴി ഗൗരവത്തോടെ എടുത്ത് കസ്റ്റംസ്. സ്വർണ്ണ കടത്തിലെ ഡോളർ ഇടപാടിൽ അതിനിർണ്ണായക നീക്കവുമായി കസ്റ്റംസ് നീങ്ങുകയാണ്. സ്പീക്കർ ശ്രീരാമകൃഷ്ണനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. സ്പീക്കറിനെതിരെ മജിസ്‌ട്രേട്ടിന് സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്പീക്കർക്ക് അടുത്ത ആഴ്ച കസ്റ്റംസ് നോട്ടീസ് നൽകും. അതിൽ ചോദ്യം ചെയ്യലിന്റെ തീയതിയും ഉണ്ടാകും.

വിവാദങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഈ ഘട്ടത്തിൽ സ്പീക്കറുടെ നിലപാട്. തനിക്കൊന്നും അറിയില്ലെന്നും പറയുന്നു. ഈ ഘട്ടത്തിൽ സ്പീക്കറെ പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടില്ല. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ജനറലിനെ ഏൽപ്പിക്കാൻ സ്വപ്‌നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഉറപ്പിക്കാൻ തെളിവുകൾ വേണ്ടി വരും. സ്വപ്‌നയും സരിത്തും ഒരേ വിഷയത്തിൽ സമാന മൊഴി മജിസ്‌ട്രേട്ടിനും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസിൽ തീരുമാനങ്ങൾ എടുക്കും.

സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കൽപ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രസ്താവനയിൽ നേരത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു വാർത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ഇത് കസ്റ്റംസ് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ചോദ്യം ചെയ്യലിന് വിളിക്കാനുള്ള തീരുമാനം.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകൾക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങൾ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സർക്കാരിൽനിന്ന് ഉപയോഗിച്ചിട്ടുള്ളൂ. തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും സ്പീക്കർ വിശദീകരിച്ചിരുന്നു. സ്വർണക്കടത്തിൽ സ്വപ്നയുടെ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ പുറത്തു വന്നാൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് മന്ത്രിമാരുടെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നതന്റെയും പേരുകൾ സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയെടുപ്പ് പൂർത്തിയായാലുടൻ മന്ത്രിമാരെയും ഈ ഉന്നതനെയും കസ്റ്റംസും ഇഡിയും ചോദ്യം ചെയ്യും.

ഇതിലെ ഭരണഘടനാ പദവിയുള്ള ആൾ സ്പീക്കറാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണക്കടത്തിൽ സ്വപ്നയും സരിതും പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലുകളിൽത്തന്നെ ഇതിന് പിന്നിലെ ഉന്നത ബന്ധത്തെക്കുറിച്ച് അന്വഷണ സംഘത്തിന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ കസ്റ്റംസിലെ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ടാണ് അന്വേഷണം അട്ടിമറിച്ചത് എന്ന ആരോപണം സജീവമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വഷണം ആരംഭിച്ചതോടെ വീണ്ടും ഈ ഉന്നതർക്കെതിരായ തെളിവുകൾ കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചതോടെ കസ്റ്റംസ് വീണ്ടും സ്വപ്നയെ ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് മൂന്ന് മന്ത്രിമാർക്ക് സ്വർണക്കടത്തിലും ഡോളർകടത്തിലുമുള്ള പങ്ക് സ്വപ്നയും സരിത്തും വ്യക്തമാക്കിയത്.

ഇതിനൊപ്പം ഭരണഘടനാ പദവി വഹിക്കുന്ന മറ്റൊരു ഉന്നതന്റെയും പങ്കിനെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തി. ഈ ഉന്നതന് സ്വർണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന തെളിവുകളും പുറത്ത് വന്നിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കുന്നത് പൂർത്തിയായാലുടൻ മന്ത്രിമാരെയും ഈ ഉന്നതനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നും നേരത്തെ തന്നെ വെളിപ്പെടുത്തൽ എത്തിയിരുന്നു.