കൊച്ചി: ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11 ന് ഹാജരാകാനാണ് കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുള്ളത്. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്.

നേരത്തെ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് കഴിഞ്ഞമാസം അവസാനമാണ് ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്. പോളിംഗിന് ശേഷം ഹാജരാകാമെന്നാണ് രേഖാമൂലം അറിയിച്ചത്.

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്‌നയും സരിത്തും മൊഴി നൽകിയത്.

സ്പീക്കർക്കെതിരേ ശക്തമായ മൊഴികളുള്ളതിനാൽ അദ്ദേഹത്തിൽനിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്. തുടർച്ചയായി സ്പീക്കർ ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനാൽ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.

അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് ഇഡിയുടെ വാദം. ഒരു അന്വേഷണ ഏജൻസി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്.

സമാന്തര പരിശോധനയ്ക്ക് മറ്റൊരു ഏജൻസിക്ക് അധികാരമില്ല. അന്തിമ വിധി വരുന്നത് വരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ വേണമെന്നും ഹർജിയിൽ ഇഡി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇഡി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളാണ് മൊഴികൾ എന്നും ഇത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരം ഉണ്ടെന്നാണ് സർക്കാർ വാദം. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും ഇ.ഡിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക. ഹർജിയിൽ സംസ്ഥാന സർക്കാർ രണ്ട് എതിർസത്യവാങ്മൂലം സമർപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്‌പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.