വാക്സിനേഷൻ കേന്ദ്രങ്ങളിൽ എല്ലാവർക്കും തുല്യ പരിഗണന നൽകണമെന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി ഭരണാനുകൂല പാർട്ടിക്കാർക്കും ഉന്നതർക്കും പ്രത്യേക പരിഗണനയെന്ന് പരാതി. പ്രായമായവരും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരും ഉൾപ്പടെ വാക്‌സിനേഷൻ ക്യാംപിലെ ക്യൂവിൽ നിന്നുബുദ്ധിമുട്ടുമ്പോൾ മുൻ മേയർ അടക്കമുള്ളവർക്ക് ക്യൂവോ ടോക്കണോ ഒന്നും ബാധകമാകുന്നില്ല. ജിമ്മിജോർജ് സ്റ്റേഡിയത്തിലെ മെഗാ ക്യാംപിൽ പൊരിവെയിലത്ത് ക്യൂ നിന്നവർ കുഴഞ്ഞു വീഴുന്നതിനിടെയിലും പാർട്ടി നേതാക്കൾക്കും ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും പിൻവാതിൽ പ്രവേശനം തകൃതിയായി നടന്നു.

ഉച്ചയ്ക്കു 12 മണിയോടെയാണ് മുന്മേയർ സഹായിക്കൊപ്പം വാക്‌സിൻ എടുക്കാനായി കാറിൽ എത്തിയത്. ഈ സമയം വാക്‌സിൻ ക്യാംപിലെ ക്യൂവിന് സ്റ്റേഡിയം കോംപൗണ്ടിനോളം നീളമുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ ഇരുവരും നേരെ പോയത് ഉദ്യോഗസ്ഥർക്കു മാത്രമായി അനുവദിച്ചിട്ടുള്ള രണ്ടാം കവാടത്തിലേക്ക്. പൊലീസ് മാനദണ്ഡങ്ങൾ മറികടന്ന് ഇവരെ ഉള്ളിലേയ്ക്ക് കടത്തിവിട്ടു. അകത്തുകടന്ന ഇവർ വളരെ വേഗത്തിൽ തന്നെ വാക്‌സിൻ സ്വീകരിച്ചു പുറത്തിറങ്ങി. ക്യൂ നിന്നു തളർന്നവർ ഇതു ചൂണ്ടിക്കാട്ടി പരാതി പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.

ക്യൂവിൽ നിന്ന നാലുപേർ തലകറങ്ങിവീണ ഇന്നലെയാണ് മാനദണ്ഡങ്ങൾ ബാധകമല്ലാത്ത ഈ വിഐപി വാക്‌സിനേഷനെന്നതും ശ്രദ്ധേയമാണ്.