ജലന്ധർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ തന്നെ ജലന്ധറിലെ രാജാവ്. സഭയിൽ ഭരണപരമായ ചുമതലയിൽ നിന്നും ബിഷപ്പിനെ നീക്കിയെങ്കിലും ഇപ്പോഴും സഭയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഫ്രാങ്കോയാണ്. സ്വന്തം കേസ് തേച്ചുമായ്ച്ചു കളയാൻ വേണ്ടി നിലവിലുള്ള പദവിയും ഉപയോഗിക്കുയാണ് ഫ്രാങ്കോ. സർക്കാറിൽ വരെ വലിയ സ്വാധീനമുള്ള ബിഷപ്പിന് വേണ്ടി സർക്കാർ കള്ളക്കളി കളിക്കുന്നു എന്ന ശ്രമവും നടക്കുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാതെയാണ് സർക്കാർ ബിഷപ്പിന് വേണ്ടി കളമൊരുക്കുന്നതെന്നാണ് ആക്ഷേപം.

പുതുവത്സര സന്ദേശം നൽകി കൊണ്ട് ഇന്നലെയും ബിഷപ്പ് സജീവമായിരുന്നു. സഭക്കുള്ളിൽ നിന്നും ബലിയാടായി എന്ന വികാരം ഉണ്ടാക്കാനാണ് ഫ്രാങ്കോയുടെ ശ്രമം. അതിന് വേണ്ടി സഭാ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണ് അദ്ദേഹം. ഇന്നലെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സന്ദേശത്തിലും താൻ ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടു എന്നു വരുത്തനാണ് ബിഷപ്പ് ശ്രമിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു പ്രസംഗങ്ങൾ.

സ്വയം യേശു ക്രിസ്തുവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രസംഗം. യേശുക്രിസ്തുവിനെ പോലെ താനും ക്രൂശിക്കപ്പെട്ടുവെന്നാണ് ഫ്രാങ്കോ സന്ദേശത്തിൽ പറഞ്ഞത്. കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായി, അതുപോലെ അറസ്റ്റിനു ശേഷം എന്നെ കാണുന്നതും ദൈവപുത്രനെ കണ്ടതു പോലെ' ആണെന്നായിരുന്നു ഫ്രാങ്കോ പറഞ്ഞത്. മാധ്യമങ്ങളെയും വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സ്വയം പുണ്യാളൻ ചമയുന്ന പ്രസംഗമാണ് ബിഷപ്പ് നടത്തിയത്.

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ജലന്ധർ ബിഷപ്പ് സ്ഥാനത്തെ അധികാര പദവികളിൽ നിന്നും ബിഷപ്പ് ഒഴിഞ്ഞത്. ഭരണപരമായ കാര്യങ്ങളിൽ ഫ്രാങ്കോ ഇടപെടില്ലെന്ന് സഭ നിർദ്ദേശിച്ചെങ്കിലും അതൊന്നും നടപ്പിലാകാത്ത അവസ്ഥയാണ്. ഫ്രാങ്കോയ്ക്ക് പകരം വികാരി ജനറൽ മോൺ. മാത്യു കൊക്കണ്ടത്തിലിനുമായിരുന്നു രൂപതയുടെ ഭരണപരമായ ചുമതല. അദ്ദേഹത്തെ ഫാ. ജോസഫ് തെക്കുംകാട്ടിൽ, ഫാ. സുബിൻ തെക്കേടത്ത് എന്നിവർ സഹായിക്കുക്കാനും നിർദ്ദേശം. എന്നാൽ ജയിൽ മോചിതനായി ബിഷപ്പ് എത്തിയതോടെ കളം മാറി. ജലന്ധറിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന സൂപ്പർപവറായി ഫ്രാങ്കോ മാറിയിട്ടുണ്ട്.

പുറത്തിറങ്ങിയ ഫ്രാങ്കോ പലവിധത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സർക്കാറിനെയും സഭയെയും ഇതിനായി വരുതിയിൽ നിർത്തുകയാണ് അദ്ദേഹം. കന്യാസ്ത്രീകൾക്ക് അനുകൂലമായി നിൽക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ശ്രമം ശക്തമായിരിക്കുന്നത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ് നിലവിൽ. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്റെ ഫലമാണെന്നാരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകൾ രംഗത്തെത്തി.

കന്യാസ്ത്രീ നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതാണ്.

ഇനി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ കഴിയൂ. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് സൂചന. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീമാർ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീ മാർ തെരുവിൽ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീമാർ പറഞ്ഞു.