തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താൻ എത്തിയ ശ്രീലങ്കൻ യുവതിക്കൊപ്പം ഭക്തരുടെ വേഷം കെട്ടി എസ്‌ക്കോർട്ട് പോയ രണ്ട് പൊലീസുകാർ വീഡിയോ ദൃശ്യം പകർത്തുന്നത് കണ്ട് ഓടുന്ന ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജനം ടിവിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതും. ആ ദൃശ്യങ്ങൾ പകർത്തിയത് ജനം തിരുവനന്തപുരം റിപ്പോർട്ടർ അഭിലാഷും ക്യാമറാമാൻ സന്തോഷുമാണ്. സംഭവം ഇങ്ങനെ:

ശ്രീ ലങ്കൻ സ്വദേശിയായ 48 കാരി ഇന്നലെ മലകയറാൻ എത്തിയപ്പോൾ മുതൽ ചാനലുകൾ തൊട്ടു പുറകെ തന്നയുണ്ടായിരുന്നു. ഇതിൽ ഏറെ ശ്രദ്ധ പുലർത്തിയത് ജനം ടിവി തന്നെയായിരുന്നു. രണ്ട് യൂണിറ്റുകളാണ് യുവതിയുടെ മലകയറ്റം റിപ്പോർട്ട് ചെയ്യാനായി ഉണ്ടായിരുന്നത്. പമ്പയിൽ നിന്നും കയറുമ്പോൾ തന്നെ ഏതാനം ഭക്തർ ശശികലയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന ഭക്തരുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുള്ളതായി റിപ്പോർട്ടർ അഭിലാഷിന് സംശയമുണ്ടായി.

തുടർന്ന് ക്യാമറാമാൻ സന്തോഷിനോട് ഇക്കാര്യം പറയുകയും ഒപ്പമുണ്ടായിരുന്ന രണ്ട് ഭക്തരുടെ ദൃശ്യങ്ങൾ പകർത്താനും ആവശ്യപ്പെട്ടു. സന്തോഷ് അവർ അറിയാതെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അഭിലാഷിന് ഒരു രഹസ്യ സന്ദേശം ലഭിച്ചു. ഭക്തരുടെ വേഷത്തിൽ യുവതിക്കൊപ്പം നീങ്ങുന്നത് മഫ്തിയിലുള്ള പൊലീസുകാരാണ് എന്നായിരുന്നു സന്ദേശം.

സന്ദേശം ലഭിച്ചുടൻ തന്നെ ഇക്കാര്യം അഭിലാഷ് ക്യാമറാമാനെ അറിയിക്കുകയും മുഖം കിട്ടുന്ന വിധത്തിൽ ദൃശ്യങ്ങൾ പകർത്താനും പറഞ്ഞു. സന്തോഷ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽ പെട്ട പൊലീസുകാർ തങ്ങളുടെ മുഖം മറക്കാൻ ശ്രമിക്കുകയും അവിടെ നിന്നും ഒഴിഞ്ഞുമാറാനും നോക്കി. എന്നാൽ സന്തോഷ് ഇവർക്ക് മുൻപിലെത്തി ദൃശ്യങ്ങൾ പകർത്തി. ഇതിനിടയിൽ ഫോണിൽ ഇരുവരും സംസാരിക്കുകയും നിർദ്ധേശം ലഭിച്ചതിനെ തുടർന്ന് അവിടെ നിന്ന് ഓടുകയുമായിരുന്നു. എന്നാൽ ജനം ടിവി ക്യാമറാമാൻ സന്തോഷ് ഇവർക്ക് പിന്നാലെ ഓടി. ഇതോടെ ജീവനും കൊണ്ടോടുകയായിരുന്നു പൊലീസുകാർ എന്ന് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാം.

ക്യാമറയുമായി ജനം ടിവി പുറകെ ഉണ്ടെന്ന് മനസ്സിലായതോടെ മരക്കൂട്ടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിനിടയിലേക്ക് ഇവർ ഓടിക്കയറുകയായിരുന്നു. ഓട്ടത്തിനിടയിൽ കൈയിലുണ്ടായിയിരുന്ന ഇരുമുടിക്കെട്ടും ഭാണ്ഡവുമെല്ലാം നഷ്ട്ടപ്പെട്ടിരുന്നു. പൊലീസ് സംഘത്തിനിടയിലേക്ക് ഓടിക്കയറിയതിന് ശേഷം ഇരുവരുടെയും മട്ടും ഭാവവുമെല്ലാം മാറിയിരുന്നു. പിന്നെ പൊലീസ് മുറയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ജനം ടിവി തൽസമയം സംപ്രേഷണം ചെയ്യുകയാണുണ്ടായത്.

ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടു കൂടി പൊലീസിന് ആകെ നാണക്കേടായിരിക്കുകയാണ്. ജനം ടിവിയെ കണ്ട് പേടിച്ചോടുന്ന പൊലീസുകാർ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പ്രച്ഛന്ന വേഷത്തിലെത്തിയ പൊലീസുകാർ ഓടി പൊലീസുകാർക്കിടയിൽ കയറി നിൽക്കുന്നതോടെ ഇവർ പൊലീസ് ആണെന്ന് സ്ഥിരീകരണമാകുന്നത്. അതേ സമയം ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനും റിപ്പോർട്ടർക്കും സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്. റിപ്പോർട്ടർ കോഴിക്കോട് സ്വദേശിയായ അഭിലാഷ് മൂന്ന് വർഷമായി ജനം ടിവി റിപ്പോർട്ടറാണ്.

പാലോട് സ്വദേശിയായ ക്യാമറാമാൻ സന്തോഷ് നാലു വർഷത്തോളം അമൃതയിൽ ജോലി ചെയ്ത ശേഷം ജനം ടിവിയിൽ എത്തിയിട്ട് മൂന്ന് മാസം പിന്നിടുന്നതേയുള്ളൂ. യുവതി ശബരിമലയിലേക്ക് എത്തുന്നു എന്നറിഞ്ഞ് ഏറെ ജാഗ്രതയിലായിരുന്നു ിരുവരും. മരക്കൂട്ടം എത്തുന്നതിന് മുമ്പാണ് ഇവർ പൊലീസുകാരെ തിരിച്ചറിയുന്നത്. ദൃശ്യങ്ങൾ പകർത്തുന്നത് തിരിച്ചറിഞ്ഞ പൊലീസുകാർ ഓടിയപ്പോൾ പിന്നാലെ ഓടിയതിനാൽ ഇവർ പിൻതുടർന്ന് വന്ന യുവതിയെ പിന്നീട് കണ്ടെത്താനായില്ല. എങ്കിലും കേരശാ പൊലീസ് വേഷ പ്രഛന്നരായി ശബരിമലയിൽ ഉണ്ട് എന്ന് തെളിയിക്കാൻ ജനം ടിവിക്കായി.