ശബരിമല: മനിതിയെ കൂട്ടത്തോടെ മലകയറ്റാനുള്ള പ്ലാൻ എ തന്ത്രം പൊളിഞ്ഞത് ആർത്തിരമ്പി വന്ന വിശ്വാസികളാണ്. പരിവാറുകാർക്കൊപ്പം വിശ്വാസികളും ചേർന്നതോടെ മനിതികൾ ജീവനും കൊണ്ടോടി. ഇതോടെ കനകദുർഗയേയും ബിന്ദുവിനേയും ആംബുലൻസിൽ സന്നിധാനത്ത് എത്തിച്ച് പ്ലാൻ ബി നടപ്പാക്കി. പതിനെട്ടാംപടി കയറ്റാതെയായിരുന്നു ഈ ഇടപെടൽ. സുപ്രീംകോടതി വിധി പ്രകാരം യുവതികൾ സോപാനത്ത് എത്തിയെങ്കിലും പതിനെട്ടാംപടി കയറൽ പ്ലാൻ ബിയിൽ നടപ്പായില്ല. ഇതിന് വേണ്ടിയായിരുന്നു പ്ലാൻ സി. ശ്രീലങ്കയിൽ നിന്നുള്ള ശശികലയെ ഇതിന് വേണ്ടി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നിൽ കൃത്യമായ പ്ലാനിങ്ങും നടന്നു. ആരുമറിയാതെ വീണ്ടും എല്ലാം നടപ്പിലാക്കിയെന്ന് പൊലീസും പറയുന്നു. എന്നാൽ യുവതി പ്രവേശനം നടന്നിട്ടില്ലെന്നാണ് പരിവാറുകാർ പറയുന്നത്.

കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ ശബരിമലയിൽ യുവതി പ്രവേശനത്തിന് വേണ്ടി പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഈ സംഘമാണ് ശ്രീലങ്കൻ സ്വദേശിക്കും സുരക്ഷയൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രീലങ്കൻ സ്വദേശി ശശികലയും കുടുംബവും ശബരിമല ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച് നേരത്തേ തന്നെ പൊലീസിനെ സമീപിച്ചിരുന്നു. ഈ വിവരം രഹസ്യമാക്കി വച്ച പൊലീസ് തികച്ചും വ്യത്യസ്തമായൊരു പദ്ധതിയാണ് ഇവരെ സന്നിധാനത്ത് എത്തിക്കാനായി തയ്യാറാക്കിയത്. ഇത് വിജയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ യുവതി കയറിയിട്ടില്ലെന്നാണ് ജനം ടിവി ഇപ്പോഴും വിശദീകരിക്കുന്നത്. ഇക്കാര്യത്തിൽ തുറന്ന പ്രതികരണത്തിന് സർക്കാരും പൊലീസും തയ്യാറാകുന്നുമില്ല. എന്നാൽ അനൗദ്യോഗികമായി യുവതി കയറിയെന്ന് പറയുകയും ചെയ്യുന്നു. പമ്പയിൽ നിന്ന് രാത്രി മല ചവിട്ടിത്തുടങ്ങിയപ്പോൾ മുതൽ യൂണിഫോമില്ലാത്ത പൊലീസുകാരുടെ രണ്ട് സംഘങ്ങൾ ഇവർക്ക് ചുറ്റും സുരക്ഷാ കവചം ഒരുക്കിയെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ യുവതികൾ കയറിയില്ലെന്നും അതിന് വ്യക്തമായ തെളിവൊന്നും പുറത്തു വന്നിട്ടില്ലെന്നും ആർ എസ് എസ് ചാനലും വിശദീകരിക്കുന്നു. ആചാര ലംഘനം നടന്നിട്ടില്ലെന്ന് തന്ത്രിയും വ്യക്തമാക്കി. അതുകൊണ്ട് തന്നെ ശുദ്ധിക്രിയയും നടക്കുന്നില്ല. ഇത് പൊലീസിനും തലവേദനയാകും. ഇതോടെ സന്നിധാനത്തെ യുവതി പ്രവേശനത്തിൽ വാദ പ്രതിവാദങ്ങൾ സജീവമാകുന്നു. ശ്രീലങ്കൻ യുവതി സോപാനത്ത് എത്താത്തതു കൊണ്ടാണ് തന്ത്രി ശുദ്ധിക്രിയ നടത്താത്തതെന്നാണ് ബിജെപിയും സംഘപരിവാറും വാദിക്കുന്നത്.

പതിനെട്ടാംപടി കയറൽ വ്യാജമെന്ന് ജനം ടിവി

ശ്രീലങ്കൻ യുവതി സന്നിധാനത്ത് എത്തിയെന്ന വാദമാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്.അതേ സമയം താൻ സന്നിധാനത്ത് കയറിയിട്ടില്ലെന്ന് യുവതിയും,ഭർത്താവും വ്യക്തമാക്കി.വലിയ നടപ്പന്തലിൽ എത്തി താൻ മടങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു.മാത്രമല്ല പമ്പ പൊലീസിൽ യുവതിയുടെ ഭർത്താവും ,സന്നിധാനത്ത് യുവതിയും ശബരിമലയിൽ ദർശനം നടത്താൻ തങ്ങളെ അനുവദിച്ചില്ല എന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെ യുവതി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തനിക്ക് ദർശനം നടത്താൻ പൊലീസ് സൗകര്യങ്ങൾ ചെയ്തില്ലെന്നാണ് പറഞ്ഞത്.ഇത് മറച്ച് വച്ചാണ് രാത്രി 10.46 ന് യുവതി സന്നിധാനത്തെത്തി എന്ന നിലയിൽ വ്യാജപ്രചരണങ്ങൾ നൽകുന്നതെന്ന് ആർ എസ് എസ് ചാനൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ മരക്കൂട്ടത്തിനു സമീപം ശശികലയുടെ ദൃശ്യങ്ങൾ പകർത്തിയ സമയത്ത് ഉണ്ടായിരുന്ന ഇരുമുടിക്കെട്ടിനു പോലും വ്യാജമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ മാറ്റമുണ്ട്. കഴിഞ്ഞ ദിവസമുള്ള ദൃശ്യങ്ങളിൽ കാണുന്ന ഇരുമുടിക്കെട്ടിന്റെ നിറം മഞ്ഞയും,വ്യാജ ദൃശ്യങ്ങളിൽ ചുവപ്പ് ഇരുമുടിക്കെട്ടുമാണ് കാണുന്നത്.മാത്രമല്ല ആദ്യ ദൃശ്യങ്ങളിൽ ഇരുമുടികെട്ട് പിടിച്ച കൈയിൽ പച്ച കളറിലുള്ള നൂൽ മാത്രമേയുള്ളൂ,എന്നാൽ വ്യാജ ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയുടെ കൈയിൽ വളയാണ് അണിഞ്ഞിരിക്കുന്നത്. മാത്രമല്ല ശശികലക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനെയും,മകനെയും ദൃശ്യങ്ങളിൽ കാണാനുമില്ല. മരക്കൂട്ടം വരെയെത്തിയ തന്നെ ശബരിമലയിലേയ്ക്ക് കയറ്റിയില്ലെന്ന രീതിയിൽ വളരെ വൈകാരികമായാണ് ശശികല മാധ്യമങ്ങളോട് പ്രതികരിച്ചതും.

ശബരിമല ക്ഷേത്രത്തെ തകർക്കാനും,വ്യാജപ്രചരണങ്ങളിലൂടെ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കാനും ബോധപൂർവ്വമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന വേളയിൽ യുവതികൾ പ്രതിഷേധമൊന്നുമില്ലാതെ തന്നെ ശബരിമലയിൽ കയറിയെന്നും,തുടർന്നും ഇത് സാധ്യമാകുമെന്നും കോടതിയെ വ്യാജ പ്രചരണങ്ങളിലൂടെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് ഇത്തരം വ്യാജ ദൃശ്യങ്ങൾ ആദ്യം പുറത്ത് വിട്ടത് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള മാധ്യമമാണെന്നതും ഈ നീക്കങ്ങൾക്ക് പിന്നിലെ ഗൂഢാലോചന സ്ഥിരീകരിക്കുന്നു.എന്നാൽ തങ്ങൾക്ക് ദർശനം നടത്താനായില്ലെന്ന് കഴിഞ്ഞ ദിവസം യുവതിയും,ഭർത്താവും പൊലീസിൽ നൽകിയ മൊഴി,ഇത്തരം വ്യാജ ദൃശ്യങ്ങൾ ചമച്ചവരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.

പ്ലാൻ സി വിജയമെന്ന് പറയുന്നവരുടെ വിശദീകരണം ഇങ്ങനെ

മഫ്തിയിലും അയ്യപ്പവേഷത്തിലും പൊലീസുകാർ ആദ്യഘട്ടത്തിൽ ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മല കയറി. പൊലീസുകാരുടെ ഈ ആദ്യസംഘത്തിന് ഇരുപത് മീറ്റർ പിന്നിലായി മറ്റൊരു സംഘം കൂടി ഉണ്ടായിരുന്നു. സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ആദ്യ സംഘത്തെ ചില മാധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ ഇവർ ദൗത്യത്തിൽ നിന്ന് ഒഴിവായി. മഫ്തിയിലുള്ള രണ്ടാം സംഘം ശശികലയുടേയും കുടുംബത്തിന്റേയും സുരക്ഷക്കായി ഒപ്പം ചേർന്നു.

ശശികലയ്ക്കും കുടുംബത്തിനും ഒപ്പം മലകയറുന്നത് പൊലീസുകാരാണെന്ന് പിന്നെ ആർക്കും തിരിച്ചറിയാനായില്ല. നട അടയ്ക്കുന്നതിന് ഒരു മിനുട്ട് മുമ്പ് ശശികല പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി. ദർശനത്തിന് ശേഷം സാധാരണ ഭക്തരുടെ ക്യൂവിലേക്ക് ഇവരെ മാറ്റി. പതിനൊന്ന് നാൽപ്പത്തിയാറിന് ഇവർ തിരിച്ചിറങ്ങി. തിരിച്ചിറങ്ങുന്ന സമയത്ത് മാധ്യമങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ശശികലയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. ശശികല പതിനെട്ടാം പടിക്ക് താഴെവരെ എത്തി ദർശനം നടത്താതെ മടങ്ങിയെന്ന് അദ്ദേഹം പ്രതികരിച്ചതും പൊലീസിന്റെ നിർദ്ദേശപ്രകാരം തന്നെ.

ശശികല മലയിറങ്ങിയതും പൊലീസിന്റെ സംരക്ഷണയിൽ തന്നെ ആയിരുന്നു. ദർശനം നടത്താൻ പൊലീസ് അനുവദിച്ചില്ല എന്നാരോപിച്ച് പിന്നീട് ശശികല മാധ്യമങ്ങൾക്ക് മുമ്പിൽ കയർത്തതും സുരക്ഷിതമായി മടങ്ങാൻ വേണ്ടി ആയിരുന്നു. ശ്രീലങ്കൻ കുടുംബം സുരക്ഷിതമായി പത്തനംതിട്ട ജില്ല വിട്ടതിന് ശേഷമാണ് ഇവർ ദർശനം നടത്തിയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത്.