മൂവാറ്റുപുഴ: ഒരാഴ്ച മുമ്പ് പരാതിയുമായി പെൺകുട്ടിയുടെ പിതാവെത്തി. തുടർന്ന് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കേസെടുക്കാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്നും വീഡിയോ ദൃശ്യങ്ങൾ പ്രചരിയിക്കുന്നത് തടയണമെന്നും വീടിന്റെ ഭാഗത്തേക്ക് വിദ്യാർത്ഥി എത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു. എതിർ വിഭാഗം ഇത് അംഗീകരിച്ചതോടെ പരാതിയിൽ തുടർനപടികൾ വേണ്ടെന്ന് വ്യക്തമാക്കി വിദ്യാർത്ഥിനിയുടെ പിതാവ് സ്ഥലം വിട്ടു. വീഡിയോ വൈറലായ സാഹചര്യത്തിൽ പെൺകുട്ടിയുടെ പിതാവിൽ നിന്നും വീണ്ടും വിവരങ്ങൾ ശേഖരിക്കും. പരാതിയുണ്ടെങ്കിൽ കേസെടുക്കും. 

സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ വിവാഹ വീഡിയോ പ്രചരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെക്കുറിച്ച് മൂവാറ്റുപുഴ സി ഐ ജയകുമാറിന്റെ വിവരണം ഇങ്ങനെയാണ്. ഒരുമാസം മുമ്പ് മുതൽ വീഡിയോ പ്രചരിച്ചിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വിദ്യാർത്ഥികൾ പ്രായപൂർത്തിയാവാത്ത സാഹചര്യത്തിൽ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവമേറിയ സൈബർ കുറ്റകൃത്യമാണെന്നും ഇക്കാര്യത്തിൽ കേസെടുത്ത് കർശന നടപടി സ്വീകരിക്കുമെന്നും സി ഐ അറിയിച്ചു.

മകൾക്കും കുടുംബത്തിനുമുണ്ടാവുന്ന വിഷമതകൾ ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ പിതാവ് കേസ് നടപടികളിൽ നിന്നും ഒഴിവായതെന്നാണ് ചൂണ്ടികാണിക്കയ്ക്കപ്പെടുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിൽ പെൺകുട്ടിയും വീട്ടുകാരും കടുത്തമനോവിഷമത്തിലാണെന്നും ഇത് മനസ്സിലാക്കിയാണ് പൊലീസ് പിതാവിൽ നിന്നും വീണ്ടും വിവരങ്ങൾ ശേഖരിക്കുന്നതെന്നുമാണ് സൂചന. പ്ലസ് ടു വിദ്യാർത്ഥിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയും വിവാഹിതരാവുന്നതിന്റെ വീഡിയോ ആണ് പ്രചരിച്ചിട്ടുള്ളത്. വിവാഹത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിനിയിൽ നിന്നും നേരത്തെ പൊലീസ് മൊഴിയെടുത്തിരുന്നും.

സഹപാഠികൾക്ക് മുന്നിലായിരുന്നു വിവാഹമെന്ന് വീഡിയോ ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. താലി അണിയിച്ച്, തിരുനെറ്റിയിൽ സിന്ദൂരമണിയിച്ച് വരൻ ചടങ്ങുകൾ പൂർത്തിയാക്കുമ്പോൾ ചുറ്റും നിന്നിരുന്നവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.പെൺകുട്ട് സ്‌കൂൾ ്യൂണിഫോമിലും വരൻ മുണ്ടും ഷർട്ടം അണിഞ്ഞുമാണ് വിവാഹത്തിനെത്തിയത്. വിവാഹം നടക്കുന്നതാകട്ടെ കുറ്റികാടുകളുടെ മറയ്ക്കുള്ളിലും. വീഡിയോ പുറത്തായതോടെയാണ് സംഭവം സ്‌കൂളിലും വിദ്യാർത്ഥികളുടെ വീട്ടുകാരും അറിയുന്നത്.

വിഡിയോ പുറത്തുവിട്ടത് ആരാണെന്നും ഇവരുടെ ലക്ഷ്യം എന്തായിരുന്നെന്നുമാണ് പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷിക്കുക എന്നാണ് അറിയുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് മന:പ്പൂർവ്വം ആരുടെയോ ഭാഗത്തുനിന്നും നീക്കം നടക്കുന്നുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്് ക്രിസ്മസ്സ് അവധിക്കാലത്താണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫേസ്‌ബുക്കിൽ പ്രചരിക്കുന്നതിനൊപ്പം നൂറുകണക്കിന് വാട്സാപ്പ് കൂട്ടായ്മയിലും ദൃശ്യങ്ങൾ എത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥിനിയുടെ കഴുത്തിൽ താലി ചാർത്തിയത്. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നത്. സ്‌കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനി. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. ടെലിഫിലിമിനായാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ബന്ധപ്പെട്ട ചിലർ പറയുന്നു. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.