തിരുവനന്തപുരം: കേരളത്തിലെ കന്യാസ്ത്രീ സമൂഹത്തെ പൊതുവേദികളിൽ നാം കണ്ടിട്ടുള്ളത് തിരുവസ്ത്രം ധരിച്ചുകൊണ്ടു തന്നെയാണ്. പള്ളിയുമായി ബന്ധപ്പെട്ടും മതപരമായുമുള്ള ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഈ തിരുവസ്ത്രം ധരിക്കണമെന്ന നിർബന്ധമുണ്ട്. അല്ലാത്ത സമയങ്ങളിൽ യാത്ര പോകുമ്പോൾ അടക്കം മറ്റു വസ്ത്രങ്ങൾ ധരിക്കാൻ പാടുണ്ടോ? കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിൽ ചുരിദാറോ, സാരിയോ ഉടുക്കുന്നതിൽ തെറ്റുകാണാൻ കഴിയുമോ? പുരോഹിതരോടോ വിശ്വാസി സമൂഹത്തോടോ ഇത്തരം ചോദ്യം ഉന്നയിച്ചാൽ അത് പലരും നെറ്റി ചുളിക്കും. എന്നാൽ, കേരളത്തിൽ നവോത്ഥാനവും പുരോഗമനവും ചർച്ച ചെയ്തു തുടങ്ങുന്ന വേളയിൽ ഇത്തരമൊരു ചർച്ചക്ക് തുടക്കമിടുകയാണ് ഒരു കന്യാസ്ത്രീ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എത്തിയപ്പോൾ മാനന്തവാടി രൂപതയിലെ പൗരോഹിത്യത്തിന്റെ എതിർപ്പിന് ഇരയാകേണ്ടി വന്ന സിസ്റ്റർ ലൂസി കളപ്പുരയാണ് ഇത്തരമൊരു ആശയം പൊതു സമൂഹത്തിന് മുന്നിലേക്ക് വെച്ചത്. വിദേശത്തു നിന്നും കേരളത്തിൽ എത്തുന്ന കന്യാസ്ത്രീകൾ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്ന് കണ്ട് സാരിയും ചുരിദാറും ധരിച്ച് നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ, കേരളത്തിലുള്ള കന്യാസ്ത്രീകൾ അങ്ങനെ പുറത്തിറങ്ങാറില്ല. ഇനി ഇറങ്ങിയാൽ തന്നെ പലരും സംശയദൃഷ്ടിയോടെ നോക്കുകയും ചെയ്യും.

ഈ അവസ്ഥയെ കുറിച്ച് വ്യക്തമാക്കാൻ വേണ്ടി ചുരിദാർ ധരിച്ച സ്വന്തം ചിത്രം അവർ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. വനിതാ മതിലിനെ പിന്തുണക്കുന്നു എന്നു വ്യക്തമാക്കി കൊണ്ടാണ് അവർ തന്റെ നിലപാട് അറിയിച്ചത. അച്ചന്മാർ വൈദികവൃത്തി ഇല്ലാത്ത വേളകളിൽ പാന്റ്‌സും ഷർട്ടും ധരിക്കാറുണ്ടെന്ന കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് സിസ്റ്റർ ലൂസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അച്ചന്മാർക്ക് അങ്ങനെ ആകാമെങ്കിൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് മാത്രം എന്തിന് എല്ലാം നിഷേധിക്കുന്നു എന്നചോദ്യവും അവർ ഉയർത്തി.

തന്റെ വസ്ത്രധാരണം കണ്ട് പുരോഹിതന്മാർ ആരും നെറ്റി ചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ടെന്നും സിസ്റ്റർ ലൂസി പരിഹാസ രൂപത്തിൽ പറയുന്നു.

സിസ്റ്റർ ലൂസി കളപ്പുരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പുതുവർഷാശംസകൾ ഏവർക്കും നേരുന്നു. കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ എന്റെ എല്ലാവിധ ആശംസകളും. ഞാനൊരു യാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതു കണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം. എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം... വിദേശ സന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ, ഒറ്റകളർ, ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാൽ കേരള കന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്. പിന്നീടാകാം.

ലൂസിയുടെ ആശയത്തെ പിന്തുണച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. അതേസമയം മതിലിനെ പിന്തുണച്ചു എന്ന കാരണം കൊണ്ട് തന്നെ കന്യാസ്ത്രീയെ ചീത്തവിളിച്ചു കൊണ്ടും ചിലർ രംഗത്തെത്തി. സന്യാസ ജീവിതം നയിക്കുന്ന വ്യക്തിയായി താങ്കളെ കണക്കാക്കുന്നില്ലെന്ന വിമർശനം പോലും ചിലർ ഉന്നയിച്ചു. അതേസമയം ഭൂരിപക്ഷവും പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നയിച്ച കന്യാസ്ത്രീ വിപ്ലവത്തിന് ഒരുങ്ങുകയാണോ എന്ന ചോദ്യവും ചിലർ ഉന്നയിച്ചു.

ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സഭയ്ക്കുള്ളിൽ കന്യാസ്ത്രീക്കെതിരെ നടപടി എടുക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം അറിഞ്ഞ്ത ഇടവകക്കാർ തെരുവിൽ ഇറങ്ങിയുന്നു. കാരക്കാമല ഇടവക പള്ളിയിലാണ് ഇന്ന് അസാധാരണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകയാണ് കാരിക്കാമല. ഇടവകക്കാരുടെ എതിർപ്പിനെ തുടർന്ന് സിസ്റ്റർ ലൂസിക്കെതിരായ നടപടി വികാരി പിൻവലിക്കുകായിയരുന്നു.

സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെയും നടപടി എടുക്കാൻ തുനിഞ്ഞത്. മൂന്നു മാസം മുൻപു മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിരുന്നുവെന്നാണ് എഫ്‌സിസി സന്യാസമൂഹം അധികൃതർ അന്ന് വിശദീകരണം നൽകിയത്. ഇടവകയിലെ വികാരിമാർ പുറത്തിറങ്ങുമ്പോൾ മറ്റു വസ്ത്രങ്ങൾ ധരിക്കാമെങ്കിൽ കന്യാസ്ത്രീകൾക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂട എന്ന ചോദ്യമാണ് സിസ്റ്റർ ലൂസി ഇപ്പോഴും ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളിൽ സന്നിഹിതയായും സിസ്റ്റർ ലൂസി നടത്തിയ പരാമർശങ്ങൾ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദർശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് പറഞ്ഞാണ് ഇവർക്കെതിരെ പുരോഹിതർ പലപ്പോഴും രംഗത്തെത്തുന്നത്.