കോഴിക്കോട്: വനിതാ മതിൽ ചരിത്ര വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎമ്മും സമുദായ സംഘടനകളും. അതേസമയം വിവിധ കോണുകളിൽ നിന്നും മതിലിനെതിരെ എതിർപ്പുയരുകയും ചെയ്യുന്നുണ്ട്. വനിതാ മതിലിൽ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞു. വൈകിട്ട് നാലിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.

അതേസമയം മതിലിൽ നിന്നും വിട്ടു നിൽക്കുമെന്ന് പറഞ്ഞ എൻഎസ്എസിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലർ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സർക്കാർ വനിതാ മതിൽ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തിൽ സർക്കാർ നിസഹായരാണ്. മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വനിതാ മതിലിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ലോകം കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച വനിതാ മതിലായിരിക്കും ഇത്. ഇന്നും പിന്നാക്കക്കാരന് അമ്പലത്തിൽ കയറാൻ കഴിയുന്നില്ല. ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലർ സ്വകാര്യ സ്വത്താക്കുകയാണ്. ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിച്ചു. കേരളത്തിലെ പോപ്പാണ് താൻ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻ.എസ്.എസ് തിരിച്ചറിയുന്നില്ല. എൻ.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവർ.

ഒരു നിലപാട് എടുത്താൽ താൻ അതിൽനിന്ന് മാറില്ല. നുണപ്രചാരണങ്ങൾക്ക് ആശയങ്ങളെ തകർക്കാനാവില്ല. മതിലിൽ കേരളത്തിലുടനീളം എസ്.എൻ.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഡിസംബർ ഒന്നിന് മതിൽ തീർക്കാനുള്ള പ്രഖ്യാപനം വന്നത് മുതൽ സംസ്ഥാനത്തെ പ്രധാന ചർച്ച ആരൊക്കെ മതിലിനൊപ്പമുണ്ട്, മതിലിന് പുറത്തുണ്ട് എന്നതായിരുന്നു. ശബരിമലയിൽ സുപ്രീം കോടതിയുടെ യുവതീപ്രവേശനവിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെതിരെ വിശ്വാസികളുടെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. കോൺഗ്രസ്സും ബിജെപിയും വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് സർക്കാർ നവോത്ഥാനമൂല്യം ഉയർത്തിയുള്ള പ്രതിരോധ മതിൽ തീർക്കാനൊരുങ്ങിയത്.

എസ്എൻഡിപി, കെപിഎംഎസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ ഉണ്ടെങ്കിലും മുഖ്യഏകോപനം സിപിഎം തന്നെയാണ്. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും പാർട്ടി അടുത്തിടെ ഏറ്റെടുത്ത നടത്തുന്ന ഏറ്റവും വലിയ പരിപാടിയാണ് മതിൽ. 3.30 ക്കാണ് ട്രയൽ. കാസർഗോഡ് ടൗൺ സ്‌ക്വയറിൽ മന്ത്രി കെകെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സിപിഎം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതിൽ തീർക്കുന്നത്.

തിരുവനന്തപുരത്ത് പ്രതിജ്ഞക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ മന്ത്രിമാരും നേതാക്കളും പിന്തുണയുമായുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള സാംസ്‌കാരിക പ്രവർത്തകർ മതിലിൽ പങ്കെടുക്കാനെത്തും. അതുപോലെ തന്നെ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള സ്ത്രീകളുടെ പിന്തുണ മതിലിന് കൂടുതൽ കരുത്തേകും.