തിരുവനന്തപുരം: പോക്‌സോ കേസുകൾ അന്വേഷിക്കാൻ മാത്രമായി പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ആലോചന. ഇതിനുള്ള ശുപാർശ ഡിജിപി ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി.എല്ലാ സംസ്ഥാനങ്ങളും പോക്‌സോ കേസുകൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന 2019ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നീക്കം.

സെപ്റ്റംബർ വരെ 17 252 കേസുകളാണ് പോക്‌സോ ഇനത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.ശരാശരി 3000 കേസുകളാണ് ഒരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്നത്.നിലവിലെ സംവിധാനത്തിൽ ഇത്രയേറെ കേസുകൾ വർധിക്കുമ്പോൾ അന്വേഷണത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് തീരുമാനം.

സംസ്ഥാനതലത്തിൽ ഐജിയുടെ നേതൃത്വത്തിലാകും പ്രത്യേക വിഭാഗം. മേഖല, ജില്ലാതലങ്ങളിലും പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കും. ഇപ്പോഴത്തെ അംഗബലം ഇതിനു തികയാത്തതിനാൽ 401 പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.2 മേഖലാ എസ്‌പി, 20 എഎസ്‌പി, 20 ഡിവൈഎസ്‌പി, 41 ഐഒപി, 41 എസ്‌ഐ, 43 എഎസ്‌ഐ, 124 എസ്സിപിഒ, 124 സിപിഒ എന്നിങ്ങനെയാണ് ആവശ്യമുള്ള തസ്തികകൾ.

19 പൊലീസ് ജില്ലകളിൽ ഓരോ എഎസ്‌പിമാർക്കു ചുമതല നൽകാനും കണ്ണൂർ റൂറലിൽ ഒരു എഎസ്‌പി തസ്തിക സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നു. 16 നർകോട്ടിക് സെൽ ഡിവൈഎസ്‌പിമാരുടെ തസ്തിക നർകോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്നാക്കും.

കൊല്ലം സിറ്റി, കൊല്ലം റൂറൽ, തൃശൂർ സിറ്റി, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ തസ്തിക സൃഷ്ടിക്കണം. 41 സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ഇതിനായി മാറ്റും. ഇതിനു പുറമേ ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലാർക്ക്, ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ തസ്തികകളും വേണ്ടിവരും.

എക്‌സിക്യൂട്ടീവ്, ടെക്‌നിക്കൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി ആകെ 478 പേർ പ്രത്യേക വിഭാഗത്തിനു വേണ്ടിവരുമെന്നാണു കണക്ക്. ഇതിൽ ഐജി ഉൾപ്പെടെ നിലവിലുള്ള 36 പേർക്ക് അധികച്ചുമതല നൽകാമെന്നും തസ്തികമാറ്റത്തിലൂടെ 41 പേരെ കണ്ടെത്താമെന്നും കണക്കാക്കുന്നു. 401 പുതിയ തസ്തികകളിൽ ഒരു വർഷം ശമ്പളത്തിനും മറ്റുമായി 21.68 കോടിയോളം രൂപ വേണ്ടിവരും.