കോട്ടയം: തിങ്കളാഴ്‌ച്ച രാവിലെ മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സെപ്ഷൽ വില്ലേജ് ഓഫീസറുടെ മൃതദ്ദേഹം കണ്ടെത്തി. രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. കോട്ടയം മൂന്നാനി തടയണയ്ക്ക് സമീപത്ത് നിന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്.

തിങ്കളാഴ്‌ച്ച രാവിലെ പത്ത് മണിയോടെയാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശൻ മണിമലയാറ്റിൽ ചാടിയത്.ഐ.ഡി കാഡും ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങളും പാലത്തിൽവെച്ചിരുന്നു. മണിമലപ്പാലത്തിൽ നിന്ന് ഏതാണ്ട് അരക്കിലോമീറ്റർ മാറിയാണ് മൃതദ്ദേഹംകണ്ടെത്തിയ മൂന്നാനി തടയണയുള്ളത്. പ്രകാശിനെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ജോയിന്റ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ, ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയാണ് ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് പറയുന്നത്.സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് ഇതരസംസ്ഥാന തൊഴിലാളി ആയിരുന്ന യാനൂഷ് ലുഗുൻ എന്നയാളായിരുന്നു.

സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അസം സ്വദേശികളായ യാനൂഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനൂഷ്, പ്രകാശനെ രക്ഷിക്കാൻ പിന്നാലെ ചാടി. പ്രകാശനെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനൂഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു.

ഈരാറ്റുപേട്ട ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നാട്ടുകാരും ഫയർഫോഴ്സും പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും