പാലക്കാട്: പാലക്കാട് ആലത്തൂരിൽ വൻ സ്പിരിറ്റ് വേട്ട. അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിലും സമീപത്തുമായി നടത്തിയ റെയ്ഡിൽ 1500 ലിറ്ററോളം സ്പിരിറ്റ് പിടികൂടി. ഇതിന് പുറമെ 1500 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും 12 ലക്ഷം രൂപയും കണ്ടെത്തി. ഏഴു പേരെ അറസ്റ്റ് ചെയ്തു.

സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അണക്കപ്പാറയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. വീട്ടിൽ നിന്നും 350 ലിറ്റർ സ്പിരിറ്റും 1500 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും 550 ലിറ്റർ പഞ്ചസാര ചേർത്ത സ്പിരിറ്റ് ലായനിയും പിടികൂടി.

കട്ടിലിനടിയിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 7 പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ശിവശങ്കരൻ, ശശി, ചന്ദ്രൻ , വിൻസെന്റ്, പരമേശ്വരൻ, വാസുദേവൻ, ബൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്തുള്ള വീടുകളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ സ്പിരിറ്റ് കണ്ടെത്തി.

വീടിന്റെ മച്ചിൽ 31 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 1085 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. തോപ്പുകളിൽ നിന്നെത്തിക്കുന്ന കള്ളിൽ സ്പിരിറ്റ് ചേർത്ത് വ്യാജകള്ളുണ്ടാക്കിയാണ് ഇതര ജില്ലകളിലേക്ക് അയച്ചിരുന്നത്.

12 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട് വ്യാജ കള്ള് കടത്താൻ ഉപയോഗിച്ചിരുന്ന മൂന്ന് പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. കോതമംഗലം സ്വദേശി സോമൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് വ്യാജ കള്ള് നിർമ്മാണ കേന്ദ്രം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.