ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതോടെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ ദേശീയ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് ബിസിസിഐ.ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനലിലെത്താതെ പുറത്തായതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ഇത്തവണ മാത്രമല്ല, കഴിഞ്ഞ വർഷത്തെ ട്വന്റി 20 ലോകകപ്പിലും ഫൈനലിലെത്തിക്കാൻ പ്രാപ്തിയുള്ള ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റിക്കായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ടീം ഇന്ത്യ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സെലക്ടർമാരുടെ കസേര തെറിച്ചത്.

ചേതൻ ശർമ (നോർത്ത് സോൺ), ഹർവിന്ദർ സിങ് (സെൻട്രൽ സോൺ), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരായിരുന്നു സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ. 2020, 2021 വർഷങ്ങളിലായാണ് ഇവരെ നിയമിച്ചത്. 2020 ഡിസംബറിൽ മുൻ താരം മദൻ ലാൽ അധ്യക്ഷനായ ക്രിക്കറ്റ് ഉപേദശകസമിതിയാണ് പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. മലയാളിയായ മുൻ ഇന്ത്യൻ താരം എബി കുരുവിള, മുൻ താരം ദേബാശിഷ് മൊഹന്തി, ഹർവിന്ദർ സിങ്, സുനിൽ ജോഷി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ചേതൻ ശർമ മുഖ്യ സെലക്ടറായതിനു ശേഷം 2021 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ എത്താതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയയിൽ ഈ വർഷം നടന്ന ലോകകപ്പിനു വേണ്ടി പുതിയ ടീമിനെ തയ്യാറാക്കാൻ ഒട്ടേറെ പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു. ഓരോ പരമ്പരയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിച്ചെങ്കിലും ഐസിസി ടൂർണമെന്റ് ജയിക്കാൻ പോന്ന ടീമിനെ തെരഞ്ഞെടുക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് സാധിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലടക്കം പരാജയപ്പെട്ടതും. വിമർശനം ഇരട്ടിയാക്കി.

ഐപിഎല്ലിലും അതിനു ശേഷം നടന്ന പല ദ്വിരാഷ്ട്ര ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളെ പുറത്തിരുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് കടുത്ത വിമർശനത്തിന് ഇടയാക്കി. മുൻ താരങ്ങൾ അടക്കം വിമർശിച്ചതിന് സമാനമായി ലോകകപ്പിൽ സെമി കടക്കാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലെത്തിയ ടീമിന് കഴിഞ്ഞില്ല. ഫോമിലില്ലാത്ത താരങ്ങൾക്ക് നിരന്തരം അവസരം നൽകി ഇന്ത്യ തോൽവി ഇരന്നു വാങ്ങിയെന്ന ആക്ഷേപം ശക്തമാകുകയും ചെയ്തു. ഇതോടെയാണ് സെലക്ഷൻ കമ്മിറ്റിയെ ഒന്നടങ്കം പിരിച്ചുവിട്ട് പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ബിസിസിഐ പുതിയ ഭരണകൂടം തയ്യാറായത്.

സാധാരണഗതിയിൽ നാല് വർഷമാണ് സെലക്ടർമാരുടെ കാലാവധി. എന്നാൽ പ്രധാന ടൂർണമെന്റുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്ന് സെലക്ഷൻ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരിയിൽ എബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽനിന്ന് സെലക്ടർ ഉണ്ടായിരുന്നില്ല.

അതേസമയം പുതിയ സെലക്ടർമാരെ കണ്ടെത്തുന്നതിനായി ബി.സി.സിഐ. അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 28 വൈകുന്നേരം ആറു മണിവരെയാണെന്ന് ബി.സി.സിഐ. അറിയിച്ചു. അപേക്ഷകർ കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരങ്ങളും 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അല്ലെങ്കിൽ 10 ഏകദിനവും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. കുറഞ്ഞത് അഞ്ച് വർഷം മുമ്പെങ്കിലും കളിയിൽനിന്ന് വിരമിച്ചിരിക്കുകയും വേണം.

വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം മുംബൈയിൽ നടന്ന യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു. ദേശീയ സെലക്ടർമാരുടെ നിയമന നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ഉപദേശക സമിതി (സി.എ.സി.) രൂപവത്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.