പെർത്ത്: പാക് പേസർ ഹാരിസ് റൗഫിന്റെ പന്തിൽ പരിക്കേറ്റ് നെതർലൻഡ്‌സ് ബാറ്റർ ബാസ് ഡി ലീഡ് പുറത്ത്. റൗഫിന്റെ തീയുണ്ട കണക്കേയുള്ള ബൗൺസർ ലീഡിന്റെ വലതു കവിളിൽ കണ്ണിന് താഴെയായി പതിക്കുകയായിരുന്നു. ഹെൽമറ്റിലാണ് പന്ത് പതിച്ചതെങ്കിലും മുറിവേറ്റു. നെതർലൻഡ്സിന്റെ ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം.

ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിച്ചു. പാക് ക്രിക്കറ്റ് താരങ്ങൾ ലീഡിന് സമീപം ഓടിയെത്തി. പിന്നാലെ ഫിസിയോകളുമെത്തി. നെറ്റിയിൽ മുറിവുണ്ടായതിനാൽ ഫിസിയോയോടൊപ്പം ഡഗൗട്ടിലേക്ക് നടന്നു. പരിക്ക് പരിശോധിച്ച ഡോക്ടർമാർ ലീഡിന് കളിക്കാനാകില്ലെന്ന് അറിയിച്ചു. ലീഡിന് പകരം ലോഗൻ വാൻ ബീക്കിനെ കളത്തിലിറക്കി.

മത്സരത്തിൽ നെതർലൻഡ്സിനെ 6 വിക്കറ്റിനാണ് പാക്കിസ്ഥാൻ തോൽപിച്ചത്. ടൂർണമെന്റിലെ പാക്കിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ്സ് 20 ഓവറിൽ 9 വിക്കറ്റിന് 91 റൺസ് മാത്രം നേടിയപ്പോൾ പാക്കിസ്ഥാൻ 13.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. നേരത്തെ ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിന് പാക് പേസ് നിരയ്ക്കെതിരെ തകർന്നടിഞ്ഞു. 27 പന്തിൽ 27 റൺസെടുത്ത കോളിൽ ആക്കർമാനാണ് നെതർലൻഡ്സിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സ്‌കോട് എഡ്വേർഡ്സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം. ബാക്കിയെല്ലാം ബാറ്റർമാരുടേയും പോരാട്ടം ഒരക്കത്തിൽ ഒതുങ്ങി. പേസർമാരുണ്ടാക്കിയ സമ്മർദം മുതലെടുത്ത സ്പിന്നർ ഷദാബ് ഖാൻ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയർ രണ്ടും ഷഹീൻ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഒന്ന് വീതവും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിൽ കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാൻ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തിരിച്ചടി നേരിട്ടു. അഞ്ച് പന്തിൽ 4 റൺസ് മാത്രമെടുത്ത നായകൻ ബാബർ അസം, വാൻ ഡർ മെർവിന്റെ ത്രോയിൽ പുറത്തായി. എങ്കിലും മുഹമ്മദ് റിസ്വാനും ഫഖർ സമാനും പാക്കിസ്ഥാനെ അനായാസം ഏഴാം ഓവറിൽ 50 കടത്തി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ സമാനെ(16 പന്തിൽ 20) ബ്രാണ്ടൻ ഗ്ലോവർ പുറത്താക്കി. റിസ്വാൻ(39 പന്തിൽ 49) അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ ഇൻസൈഡ് എഡ്ജായി പോൾ വാൻ മീകെരെന്റെ പന്തിൽ മടങ്ങിയതും ചെറിയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ പാക് ടീമിനെ തളർത്തിയില്ല.