തിരുവനന്തപുരം: കാര്യവട്ടത്ത് ഈ മാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ്് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വിനോദ നികുതി കുത്തനെ കൂട്ടിയ നടപടിയിൽ ബി.സി.സിഐ വിശദീകരണം തേടി. കേരള ക്രിക്കറ്റ് അസോസിയേഷനോടാണ് റിപ്പോർട്ട് തേടിയത്.

ടിക്കറ്റുമായി ബന്ധപ്പെട്ട് എന്താണ് പ്രശ്‌നമെന്ന് ബി.സി.സിഐ ആരാഞ്ഞു. അനാവശ്യ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ.സി.എ മറുപടി നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കളി നടക്കുമോ എന്ന ആശങ്കയിലാണ് ബി.സി.സിഐ റിപ്പോർട്ട് തേടിയത്.

വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനായി കോർപ്പറേഷൻ ഉയർത്തിയതും തുടർന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ വിവാദ പരാമർശവും അടക്കമുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിഷയത്തിൽ ബിസിസിഐ ഇടപെട്ടത്. വിവാദങ്ങൾ അനാവശ്യമാണെന്നും ചില ആശയക്കുഴപ്പം മാത്രമാണുണ്ടായതെന്നും കെ സി എ മറുപടി നൽകി.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതി 12 ശതമാനമായാണ് വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ അധികം നൽകേണ്ടി വരും. 18% ജി.എസ്.ടിക്ക് പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വ്യാഴാഴ്ച കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ടീമുകൾ 14ന് പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തുക.

കഴിഞ്ഞതവണ സ്റ്റേഡിയത്തിലെ വൈദ്യുതി കെ എസ് ഇ ബി വിഛേദിച്ചതിലും ബി സി സി ഐ റിപ്പോർട്ട് തേടിയിരുന്നു. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്രാ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.