ലക്‌നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിന് കീഴടക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയെങ്കിലും ടീം അധികൃതർക്ക് തലവേദനയായി ഫാൻസിന്റെ ഇടപെടലുകൾ. മുംബൈയ്ക്ക് എതിരായ മത്സരത്തിനിടെ ലക്‌നൗവിന്റെ അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾഹഖിനെ സ്വന്തം ആരാധകർ പരിഹസിച്ച് രംഗത്ത് വന്നതാണ് ടീം അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നത്.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നവീൻ പന്തെറിയാൻ എത്തിയപ്പോഴെല്ലാം 'കോലി, കോലി' വിളികളുമായാണ് ആരാധകർ താരത്തെ സ്വീകരിച്ചത്. രണ്ട് ആഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണു നവീൻ വീണ്ടും ലക്‌നൗവിനായി കളിക്കാനിറങ്ങിയത്. പന്തെറിയാൻ എത്തിയതു മുതൽ തന്നെ നവീനെതിരെ ആരാധകരുടെ 'കോലി, കോലി' വിളികളും ആരംഭിച്ചിരുന്നു.

ലക്‌നൗ ബാംഗ്ലൂർ മത്സരത്തിനിടെ ഗ്രൗണ്ടിൽവച്ച് വിരാട് കോലിയും നവീൻ ഉൾഹഖും തമ്മിൽ തർക്കിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിനു പിന്നാലെ നവീനും കോലിക്കും പിഴയും ചുമത്തി.

ഈ മത്സരത്തിനു ശേഷം നടന്ന ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ പോരാട്ടത്തിൽ നവീൻ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ മഴ കാരണം ഈ കളി ഉപേക്ഷിക്കുകയായിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ 19ാം ഓവറിൽ നവീൻ 19 റൺസ് വഴങ്ങുകയും ചെയ്തു.

മാത്രമല്ല പവർപ്ലേയിൽ രണ്ട് ഓവറുകൾ എറിഞ്ഞ അഫ്ഗാൻ താരം 16 റൺസാണ് വഴങ്ങിയത്. ആരാധകരുടെ പരിഹാസം ശക്തിപ്രാപിക്കുന്നതിനിടെ രണ്ടാം ഓവറിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ നവീൻ ഉൾ ഹഖിനെ സിക്‌സർ പറത്തി. സ്‌ക്വയർ ലെഗിന് മുകളിലൂടെ രോഹിതിന്റെ ഫ്‌ളിക് 65 മീറ്റർ അകലെയാണു പന്തിനെ എത്തിച്ചത്.

മെയ്‌ ഒന്നിനു നടന്ന ആർസിബി ലക്‌നൗ മത്സരത്തിനിടെയാണ് നവീനും വിരാട് കോലിയും തർക്കിച്ചത്. നവീൻ ബാറ്റു ചെയ്യുന്നതിനിടെ കോലി ഷൂവിന്റെ അടിയിലെ പുല്ല് അടർത്തിയെടുത്തു നവീനു നേരെ ചൂണ്ടുകയും, അഫ്ഗാൻ താരം കോലിയെ രൂക്ഷമായി നോക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഇരു താരങ്ങളും ഷെയ്ക് ഹാൻഡ് ചെയ്യുന്നതിനിടെ നവീൻ കോലിയോടു തർക്കിച്ചു. തുടർന്ന് ലക്‌നൗ മെന്റർ ഗൗതം ഗംഭീറും വിഷയത്തിൽ ഇടപെട്ടിരുന്നു.

വിരാട് കോലിയുമായി ഗൗതം ഗംഭീർ തർക്കിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ലക്‌നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. വിരാട് കോലിയുമായുള്ള തർക്കം തീർക്കാൻ, നവീനെ രാഹുൽ ക്ഷണിച്ചെങ്കിലും അഫ്ഗാൻ താരം അതിനും തയാറായില്ല. ഐപിഎൽ കളിക്കാനാണ് ഇന്ത്യയിലേക്കു വന്നതെന്നും, ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങില്ലെന്നും നവീൻ ഉൾ ഹഖ് പിന്നീടു പ്രതികരിച്ചിരുന്നു.