മുംബൈ: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങി ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് ബിസിസിഐ. നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിനെ ട്വന്റി 20 ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

ട്വന്റി 20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന കാര്യം ബിസിസിഐയുടെ സജീവ പരിഗണനയിലാണ്. ജനുവരിയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുമ്പെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ഇൻസൈഡ് സ്‌പോർട് റിപ്പോർട്ട് ചെയ്തു. ട്വന്റി 20ക്ക് മാത്രമായി പുതിയ പരിശീലകനെ നിയമിക്കുമെങ്കിലും ദ്രാവിഡുമായി സഹകരിച്ചാകും പുതിയ പരിശീലകൻ പ്രവർത്തിക്കുക.

ശ്രീലങ്കക്കെതിരെ ജനുവരിയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയിൽ ഹാർദ്ദിക് പാണ്ഡ്യയെ ഇന്ത്യയുടെ പുതിയ നായകനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. പരിശീലക സ്ഥാനത്തു നിന്ന് ദ്രാവിഡിനെക്കൂടി മാറ്റുന്നതോടെ ജനുവരിയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ പുതിയ ക്യാപ്റ്റനും പരിശീലകനും കീഴിലാകും കളിക്കുക എന്നകാര്യം ഉറപ്പായി.

എന്നാൽ ദ്രാവിഡ് പ്രധാനമായും ടെസ്റ്റിലും ഏകദിനത്തിലുമാകും ശ്രദ്ധ ചെലുത്തുക. ഇന്ത്യൻ ടീം തുടർച്ചയായി പരമ്പരകളിൽ കളിക്കുന്നതിനാൽ പലപ്പോഴും ദ്രാവിഡിന് പരിശീലകനെന്ന നിലയിൽ എല്ലാ പരമ്പരകളുടെയും ഭാഗമാകാൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനായ വിവി എസ് ലക്ഷ്മണാണ് ചില പരമ്പരകളിൽ പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പം പോയിരുന്നത്. ഇതു കൂടി കണക്കിലെടുത്താണ് തീരുമാനം.

പുതിയ പരിശീലകനായി ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീട നേട്ടത്തിലേക്ക് നയിച്ച ആശിഷ് നെഹ്‌റയുടെ പേരിനാണ് മുൻതൂക്കം. ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നു പാണ്ഡ്യ. എന്നാൽ നെഹ്‌റയുടെ കാര്യത്തിൽ ബിസിസിഐക്കുള്ളിൽ ധാരണയിലെത്തിയിട്ടില്ല ഇതുവരെ. ട്വന്റി 20 പരിശീലക സ്ഥാനത്തേക്ക് അടുത്തകാലം വരെ ടി20 ക്രിക്കറ്റ് കളിച്ച ഏതെങ്കിലും കളിക്കാരനെ പരിഗണിക്കണമെന്ന് മുൻ പരിശീലകനായ രവി ശാസ്ത്രിയും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും ആവശ്യപ്പെട്ടിരുന്നു.

ട്വന്റി 20 ക്രിക്കറ്റിന്റെ വേഗതയോട് ഒത്തുപോകുന്ന സമീപനമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം അധികൃതരുടേതെന്ന വിമർശനം ശക്തമാണ്. സീനിയർ താരങ്ങളെ ഒഴിവാക്കി ട്വന്റി 20യിൽ മികവ് തെളിയിച്ച യുവതാരങ്ങൾക്ക് സെലക്ടർമാർ അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.