മുംബൈ: ഏഷ്യാകപ്പ് വേദിക്കായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിടിവാശി തുടരുന്നതിനിടെയാണ് പ്രദർശന മത്സരം പോലും മുടക്കി പാക്കിസ്ഥാനിലെ ക്വെറ്റയിൽ സ്ഫോടനം നടന്നത്. അതും പാക്കിസ്ഥാൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പ്രദർശനം മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് കിലോമീറ്ററുകൾക്ക് അകലെ.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖർ അഹമ്മദ്, ഉമർ അക്മൽ തുടങ്ങിയ പ്രമുഖരെല്ലാം പ്രദർശന മത്സരത്തിന്റെ ഭാഗമായിരുന്നു.

രാജ്യത്ത് പ്രതിസന്ധികൾ ഇല്ലെന്നും രാജ്യാന്തര മത്സരങ്ങൾ നടത്താൻ സജ്ജമാണെന്നും വാദം ഉയർത്തുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. ഏഷ്യാകപ്പ് വേദി വിട്ടുകൊടുക്കേണ്ട അവസ്ഥയായി അവർക്ക്.

ഇതിനിടെ സോഷ്യൽ മീഡിയ ട്രോളുകളും ഉയരുന്നു. ഒരു പ്രദർശനമത്സരം പോലും ശരിയായ രീതിയിൽ നടത്താൻ കഴിയാത്ത പാക്കിസ്ഥാൻ എങ്ങനെയാണ് ഏഷ്യാ കപ്പിന് വേദിയാവുകയെന്നാണ് പലരും ചോദിക്കുന്നത്.

ക്വെറ്റയിൽ മത്സരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്രീകെ താലിബാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്വെറ്റയിലെ നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ്- പെഷവാർ സാൽമി എന്നിവർ തമ്മിലായിരുന്നു മത്സരം. സ്ഫോടനത്തെ തുടർന്ന് പ്രദർശനമത്സരം നിർത്തിവെക്കുകയും താരങ്ങളെ ഡ്രസിങ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അനുമതി ലഭിച്ചതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. സ്ഫോടനത്തെ തുടർന്ന് മുൻകരുതലെന്ന നിലയിലാണ് മത്സരം നിർത്തിവച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖർ അഹമ്മദ്, ഉമർ അക്മൽ തുടങ്ങിയ പ്രമുഖരെല്ലാം പ്രദർശന മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരം കാണാനും നിരവധി പേർ ഒഴുകിയെത്തിയിരുന്നു. അനിയന്ത്രിതമായി ആരാധകരെത്തിയതിന് പിന്നാലെയാണ് മത്സരം നിർത്തിവച്ചതെന്നും സംസാരമുണ്ട്. ആഴ്‌ച്ചയ്ക്കിടെ മൂന്നാമതെ സ്ഫോടനമാണ് നടക്കുന്നത്.

നേരത്തെ, സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഇന്ത്യ പാക്കിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിരുന്നു. വേദി മാറ്റണമെന്ന് ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. പിന്നാലെ യുഎഇയിലേക്ക് വേദിമാറ്റുമെന്നും വാർത്തകൾ വന്നു. അടുത്തമാസം നടക്കുന്ന എസിസി എക്സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവും. ഇന്നലെ ബെഹ്റൈനിൽ ചേർന്ന യോഗത്തിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, പിസിബി ചെയർമാൻ നജാം സേതി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിൽ യുഎഇയിലേക്ക് ടൂർണമെന്റ് മാറ്റുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെന്നാണ് സൂചന.