ഗയാന: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റം ഇന്ത്യയുടെ ഇലവനിലുണ്ട്. പരിക്കേറ്റ കുൽദീപ് യാദവിന് പകരം സ്പിന്നർ രവി ബിഷ്ണോയി ടീമിലെത്തി. അതേസമയം വിൻഡീസ് പ്ലേയിങ് ഇലവനിൽ മാറ്റമില്ല. ട്രിനിഡാഡിൽ നടന്ന ആദ്യ ട്വന്റി 20യിൽ ടീം ഇന്ത്യ 4 റൺസിന്റെ പരാജയം രുചിച്ചിരുന്നു.

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം ഉയർന്ന സ്‌കോറുകൾക്ക് പ്രസിദ്ധമായ മൈതാനമാണ്. ബാറ്റർമാരെ ശക്തമായി പിന്തുണയ്ക്കുന്നതാണ് ഇവിടുത്തെ പിച്ചിന്റെ ചരിത്രം. അതിനാൽ ബൗളർമാർ പാടുപെടാനിടയുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഏറ്റവും മികച്ച ടീം ടോട്ടൽ നേടാനാവും ഇവിടെ ശ്രമിക്കുക.

മത്സരം പുരോഗമിക്കുന്തോറും പേസർമാരേക്കാൾ സ്പിന്നർമാർക്ക് പിച്ചിന്റെ സഹായം ലഭിക്കാൻ സാധ്യതയുണ്ട്. വിൻഡീസ് നിരയിൽ ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനാണ് ഇന്ത്യൻ ടീമിന് കനത്ത ഭീഷണി. ആദ്യ മത്സരത്തിൽ മികവ് കാട്ടാൻ കഴിയാതിരുന്ന ഇന്ത്യൻ ബാറ്റർമാർ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സഞ്ജു സാംസൺ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.

വെസ്റ്റ് ഇൻഡീസ്: കെയ്ൽ മെയേഴ്സ്, ബ്രാണ്ടൻ കിങ്, ജോൺസൺ ചാൾസ്, നിക്കോളാസ് പുരാൻ(വിക്കറ്റ് കീപ്പർ), ഷിമ്രോൻ ഹെറ്റ്മെയർ, റോവ്മാൻ പവൽ(ക്യാപ്റ്റൻ), ജേസൻ ഹോൾഡർ, റൊമാരിയോ ഷെഫേർഡ്, അക്കീൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്.