കൊൽക്കത്ത: മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകവും ആരാധകരും. സഹകളിക്കാരും ആരാധകരുമുൾപ്പെടെ ആശംസകൾകൊണ്ട് പൊതിയുകയാണ്. ക്രിക്കറ്റിനെ പ്രാണവായുവായി കാണുന്നവർ കോലിയെ നെഞ്ചോടുചേർത്തുവെക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നത് ക്രിക്കറ്റിലെ ഒരേയൊരു രാജാവ്, കിങ് കോലി, ചേസിങ് മാസ്റ്റർ എന്നിങ്ങനെ നീളുന്നു വിശേഷണങ്ങൾ.

ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ കോലിയുടെ പിറന്നാൾ കൂടുതൽ മധുരമാക്കാൻ ജയം ലക്ഷ്യമിട്ടാണ് രോഹിതും സംഘവും പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുക്കൽക്കറുടെ റെക്കോർഡിനൊപ്പം കോലിയെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സച്ചിൻ 49 സെഞ്ചുറികളാണ് സച്ചിനുള്ളത്. ഒരു സെഞ്ചുറി അകലെ കോലിയുണ്ട്.

കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം പുരോഗമിക്കുന്നത്. കോലിയുടെ സെഞ്ചുറി ആഘോഷമാക്കാൻ കൊൽക്കത്ത നഗരവും ഒരുങ്ങി. കൃത്യം 12 പന്ത് മണിക്ക് തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജീ പിറന്നാൾ ആശംസ അറിയിച്ചു. അവർ എക്സിൽ പോസ്റ്റിട്ടതിങ്ങനെ... ''ഇന്ത്യയുടെ ഇതിഹാസതാരം പിറന്നാൾ ദിവസം ലോകകപ്പ് മത്സരത്തിനായി കൊൽക്കത്തയിൽ എത്തിയത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. കോലിക്ക് പിറന്നാൾ ആശംസകൾ. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ സന്തോഷവും വിജയങ്ങളും ഉണ്ടാവട്ടെ.'' മമത ട്വീറ്റ് ചെയ്തു. അവരുടെ പോസ്റ്റ് കാണാം...

ചരിത്രത്തിൽ വെറും ആറ് ബാറ്റർമാർക്ക് മാത്രമുള്ള അപൂർവ നേട്ടം കൂടി ലക്ഷ്യമിട്ടാണ് വിരാട് കോലി ഇന്ന് കൊൽക്കത്തയിലിറങ്ങുക. ഏകദിനത്തിൽ ഇതുവരെ വിരാട് കോലി നേടിയത് 48 സെഞ്ചുറികൾ. എതിരാളികളുടെ മൈതാനത്തും റൺസ് പിന്തുടരുമ്പോഴും തുടങ്ങി ഏത് സമ്മർദ്ദഘട്ടവും അനുകൂലമാക്കുന്ന കോലിക്ക് പക്ഷേ സ്വന്തം പിറന്നാൾ ദിനത്തിൽ ഒരു സെഞ്ചുറിയില്ല. പിറന്നാൾ ദിനം സെഞ്ചുറിയോടെ ആഘോഷിച്ച ആറ് താരങ്ങൾ മാത്രമേ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ. ഇന്ത്യൻ മുൻ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്. 1993 ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാംബ്ലിയുടെ നേട്ടം.

അഞ്ച് വർഷങ്ങൾക്ക് ശേഷം ഷാർജയിലെ മണൽക്കാറ്റായി സച്ചിൻ ടെൻഡുൽക്കർ ഓസ്ട്രേലിയക്കെതിരെ കൊക്കക്കോള കപ്പിൽ നേടിയ സെഞ്ചുറി ഇതിഹാസത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ. സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന്. പ്രായം തളർത്താത്ത പോരാളിയായി ശ്രീലങ്കൻ താരം സനത് ജയസൂര്യ 39ആം പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടി പട്ടികയിൽ ഇടംപിടിച്ചു. ന്യുസിലൻഡ് താരങ്ങളായ റോസ് ടെയ്ലറും ടോം ലേഥവും പിറന്നാൾ ദിനത്തിലെ സെഞ്ചുറിക്കാരാണ്.

കോലിയുടെ മൊത്തം അന്താരാഷ്ര മത്സരങ്ങളും റൺസും സൂചിപ്പിച്ച്, 2011 ലോകകപ്പ് ചാമ്പ്യനും 2013 ചാമ്പ്യൻസ് ട്രോഫി വിജയിക്കും ആശംസകൾ എന്നാണ് ബി.സി.സിഐ കുറിച്ചത്. കോലിയുടെ സ്വന്തം ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ് ഉൾപ്പെടെ ഐ.പി.എൽ ടീമുകളും ആശംസനേർന്നു. കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ് താങ്ങളുടെ വിജയത്തിന് കാരണം. ഇനിയും ചരിത്രങ്ങൾ തീർക്കാനും വിജയം നേടാനും സാധിക്കട്ടെ- സുരേഷ് റെയ്‌ന കുറിച്ചു.

'അവസരങ്ങൾക്കായും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും കൊതിക്കുന്ന മനസ്സുമായാണ് നീ ടീമിലെത്തിയത്. നിന്നോടൊപ്പമുള്ള യാത്രയിൽ ഞാൻ അഭിമാനിക്കുന്നു. നീ ചരിത്രം രേഖപ്പെടുത്തുമ്പോൾ നിന്റെ വിജയങ്ങളിൽ ഒരുപാടുപേർ അഭിമാനിക്കുന്നു. റെക്കോർഡുകൾ തകർത്താണ് നീ ഓരോ വർഷവും ആഘോഷമാക്കുന്നത്. നിന്റെ അഭിനിവേശവും നിശ്ചയദാർഢ്യവും ലോകകപ്പിൽ ഇന്ത്യൻ ടീമിനേയും നിന്നേയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനും രാജ്യത്തിന് വീണ്ടും അഭിമാനിക്കാനും സാധിക്കട്ടെ. ഇനിയും കൂടുതൽ റെക്കോർഡുകൾ തകർത്തെറിയാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു'- കോലിയോടൊപ്പമുള്ള പഴയകാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യുവരാജ് സിങ് കുറിച്ചു.