കൊൽക്കത്ത: ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിർണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ അപൂർവ നേട്ടത്തിനൊപ്പമെത്തി സൂപ്പർ താരം വിരാട് കോലി. ഏകദിനത്തിൽ 49 സെഞ്ചുറികളുമായി ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. പിറന്നാൾ ദിനത്തിൽ തന്നെ താരത്തിന് ഈ അപൂർവനേട്ടം സ്വന്തമാക്കാനായത് ഈഡൻ ഗാർഡൻസിൽ തിങ്ങി നിറഞ്ഞ ആരാധകർക്കും ആഹ്ലാദം നൽകുന്ന കാഴ്ചയായി.

വിരാട് കോലിയുടെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളിൽ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിൻ 463 മത്സരങ്ങൾ കളിച്ചാണ് 49 സെഞ്ചുറികൾ സ്വന്തമാക്കിയത്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ശ്രദ്ധാപൂർവം കളിച്ച കോലി പതിവിന് വിപരീതമായി പതുക്കെയാണ് ബാറ്റുവീശിയത്. 119 പന്തുകളിൽ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെയാണ് കോലി സെഞ്ചുറി പൂർത്തിയാക്കിയത്.

 
 
 
View this post on Instagram

A post shared by ICC (@icc)

പിറന്നാൾ ദിനത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽത്തന്നെയാണ് കോലി 49-ാം സെഞ്ചുറി നേടിയത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇന്നിങ്സിന്.

ഈ ലോകകപ്പിലെ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താരം 97 പന്തിൽ പുറത്താവാതെ 103 റൺസെടുത്തിരുന്നു. ആറ് അർധസെഞ്ചുറിയും താരം നേടി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റിൽ 29 സെഞ്ചുറിയും ട്വന്റി 20യിൽ ഒരു ശതകവുമാണ് കോലിക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിൻ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റിൽ 51 സെഞ്ചുറികളുണ്ട്.

ഈ ലോകകപ്പിൽ രണ്ട് തവണ സെഞ്ചുറിക്ക് അരികെ പുറത്തായ കോലി പക്ഷെ ദക്ഷിണാഫ്രിക്കക്കെതിരെ പിഴച്ചില്ല. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ശ്രേയസ് അയ്യർക്കൊപ്പം ക്ഷമയോടെ ബാറ്റ് ചെയ്ത കോലി ഇന്ത്യക്ക് കൂറ്റൻ സ്‌കോർ ഉറപ്പാക്കിയതിനൊപ്പം റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർധസെഞ്ചുറി പിന്നിട്ടപ്പോൾ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കിയിരുന്നു.

ഏകദിന ക്രിക്കറ്റിൽ 119-ാം അർധ സെഞ്ചുറി നേടിയ കോലി 118 അർധസെഞ്ചുറികൾ നേടിയ ശ്രീലങ്കൻ ബാറ്റിങ് ഇതിഹാസം കുമാർ സംഗക്കാരയെ ആണ് ഇന്ന് മറികടന്നത്. 145 അർധസെഞ്ചുറികൾ കുറിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ലോകകപ്പിൽ 1500 റൺസ് പിന്നിട്ട കോലി ലോകകപ്പ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളിൽ 2278 റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കറും 46 മത്സരങ്ങളിൽ 1743 റൺസ് നേടിയിട്ടുള്ള ഓസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റൺവേട്ടയിൽ ഇനി കോലിക്ക് മുന്നിലുള്ളത്.

സച്ചിനും രോഹിത് ശർമക്കും ശേഷം ലോകകപ്പിൽ ലോകകപ്പിൽ 500ൽ കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാവാനും കോലിക്കായി. സച്ചിൻ 2003, 2011 ലോകകപ്പിലും രോഹിത് 2019 ലോകകപ്പിലും 500 ലേറെ റൺസ് നേടിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി.വിനോദ് കാംബ്ലി,സച്ചിൻ ടെൻഡുൽക്കർ, സനത് ജയസൂര്യ റോസ് ടെയ്ലർ, ടോം ലാഥം, മിച്ൽ മാർഷ് എന്നിവരാണ് കോലിക്ക് മുമ്പ് പിറന്നാൾ ദിനത്തിൽ സെഞ്ചുറി നേടിയവർ.