അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന മത്സരം പൂർത്തിയാകും മുമ്പ് ലോകകപ്പിൽനിന്ന് അഫ്ഗാനിസ്താൻ സെമി ഫൈനൽ കാണാതെ പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ റെക്കോഡ് സ്‌കോർ നേടാൻ കഴിയാതെ പോയതോടെയാണ് അഫ്ഗാൻ നാട്ടിലേക്ക് മടങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഷ്ടിച്ച് വിജയിച്ചാൽ പോലും ടീമിന് സെമിയിലെത്താനാകില്ല.

അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനെത്തിയ അഫ്ഗാൻ 50 ഓവറിൽ 244 റൺസിന് അഫ്ഗാൻ ഓൾ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കുറഞ്ഞത് 438 റൺസിനെങ്കിലും വിജയിച്ചാൽ മാത്രമേ അഫ്ഗാന് സെമിയിലെത്താൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ മാത്രമേ ടീമിന് നാലാം സ്ഥാനത്തുള്ള ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാനാകൂ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ടീമിന് വലിയ സ്‌കോർ നേടാനായില്ല.

സെമി കാണാതെ പുറത്തായെങ്കിലും തലയുയർത്തിയാണ് അഫ്ഗാൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. അവരുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ അഫ്ഗാൻ പുറത്തെടുത്തത്. ആദ്യ എട്ട് മത്സരങ്ങളിൽ നാലിലും വിജയിക്കാൻ അഫ്ഗാന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസീസിനെ വിറപ്പിച്ചാണ് ടീം കീഴടങ്ങിയത്.

അർധ സെഞ്ചറി നേടിയ അസ്മത്തുല്ല ഒമർസായിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ അഫ്ഗാൻ 245 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. ഒരുഘട്ടത്തിൽ 6ന് 116 എന്ന നിലയിൽ തകർച്ച നേരിട്ട അഫ്ഗാനിസ്ഥാനെ ഒമർസായ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. ഒമർസായ് ഒഴികെ അഫ്ഗാൻ നിരയിൽ മറ്റാർക്കും മികച്ച സ്‌കോർ കണ്ടെത്താനായില്ല. 50 ഓവറിൽ 244 റൺസെടുത്ത അഫ്ഗാനിസ്ഥാൻ ഓൾ ഔട്ടായി. 107 പന്തു നേരിട്ട ഒമർസായ് 97 റൺസെടുത്ത് പുറത്താവാതെ നിന്നു. അഫ്ഗാൻ നിരയിലെ ആറ് ബാറ്റർമാർ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന് ക്യാച്ച് നൽകിയാണ് പുറത്തായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് സ്‌കോർ 41ൽ നിൽക്കേ ഓപ്പണർമാരെ നഷ്ടമായി. 22 പന്തിൽ 25 റൺസ് നേടിയ റഹ്‌മത്തുല്ല ഗുർബാസാണ് ആദ്യം മടങ്ങിയത്. കേശവ് മഹാരാജിന്റെ പന്തിൽ ഹെയ്ന്റിച്ച് ക്ലാസന് ക്യാച്ച് നൽകിയാണ് ഗുർബാസ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ ജെറാൾഡ് കോട്‌സീയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി ഇബ്രാഹിം സദ്രാനും (30 പന്തിൽ 15) മടങ്ങി. ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹിദി (7 പന്തിൽ 2) നിരാശപ്പെടുത്തി.

പിടിച്ചു നിൽക്കാ ശ്രമിച്ചെങ്കിലും റഹ്‌മത്ത് ഷാ 26 റൺസുമായി മടങ്ങി. മധ്യനിരയിൽ ഇക്രം അലിഖിൽ (14 പന്തിൽ 12), മുഹമ്മദ് നബി (3 പന്തിൽ 2), റാഷിദ് ഖാൻ (30 പന്തിൽ 14) എന്നിവർക്കും വലിയ സ്‌കോർ കണ്ടെത്താനായില്ല. ഒൻപതാമനായി ഇറങ്ങിയ നൂർ അഹമ്മദിനൊപ്പം ഒമർസായ് ടീം സ്‌കോർ 200 കടത്തി. 32 പന്തിൽ 26 റൺസെടുത്ത നൂർ അഹമ്മദ് 46ാം ഓവറിൽ പുറത്തായി. 50ാം ഓവറിലെ അവസാന പന്തിൽ നവീൻ ഉൽ ഹഖ് റണ്ണൗട്ട് ആയതോടെ അഫ്ഗാൻ ഇന്നിങ്‌സിന് തിരശീല വീണു.

107 പന്തു നേരിട്ട ഒമർസായ് 3 സിക്‌സും 7 ഫോറും ഉൾപ്പെടെയാണ് 97 റൺസ് സ്വന്തമാക്കിയത്. അവസാന ഓവർ വരെ സെഞ്ചറി പ്രതീക്ഷിച്ചെങ്കിലും ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നു. ടൂർണമെന്റിൽ ഒമർസായിയുടെ മൂന്നാം അർധ സെഞ്ചറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജെറാൾഡ് കോട്‌സീ 4 വിക്കറ്റു വീഴ്‌ത്തി. ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ടു വീതവും പെഹ്ലുക്വായോ ഒരു വിക്കറ്റും നേടി.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് അഫ്ഗാനിസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങിയത്. രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക മാർകോ യാൻസൻ, തബ്രയ്‌സ് ഷംസി എന്നിവർക്ക് വിശ്രമമനുവദിച്ചു. ജെറാൾഡ് കോട്‌സി, ആൻഡിൽ പെഹ്ലുക്വായോ എന്നിവർ ടീമിൽ തിരിച്ചെത്തി