അഹമ്മദാബാദ്: ലോകകപ്പിൽ അഫ്ഗാനിസ്താനെ അഞ്ചുവിക്കറ്റിന് കീഴടക്കി സെമി ഫൈനലിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ദക്ഷിണാഫ്രിക്ക. അഫ്ഗാൻ ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ റാസി വാൻ ഡെർ ഡ്യൂസനാണ് ടീമിന്റെ വിജയശിൽപ്പി.

245 റൺസ് നേടിയ അഫ്ഗാൻ ഒരു ഘട്ടത്തിൽ ജയിച്ചേക്കുമെന്ന പ്രതീതി ഉണർത്തിയിരുന്നു. 182 ന് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളും അഫ്ഗാൻ എറിഞ്ഞിട്ടെങ്കിലും റാസി വാൻ ഡെർ ഡ്യൂസൻ ഉറച്ചുനിന്നത് തിരിച്ചടിയായി. 76 റൺസുമായി പുറത്താകാതെ നിന്ന ഡ്യൂസനാണ് ആഫ്രിക്കൻ കരുത്തുകൾക്ക് തുണയായത്.

245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിക്കോക്ക് 41 റൺസും ബാവുമ 23 റൺസും നേടി മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര ഒരുഘട്ടത്തിൽ പതറി. എയ്ഡൻ മാർക്രം 25 റൺസും ക്ലാസൻ 10 റൺസും മില്ലർ 24 റൺസും നേടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക 182 ന് 5 എന്ന നിലയിൽ പതറുകയായിരുന്നു. എന്നാൽ ഡ്യൂസനൊപ്പം ഫുലുക്വായോ 39 റൺസുമായി ഉറച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു.

ഈ തോൽവിയോടെ അഫ്ഗാനിസ്താൻ ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ ഏഴാം വിജയമാണിത്. ടീം നേരത്തേതന്നെ സെമിഫൈനലിലെത്തിയിരുന്നു. അഞ്ചാം തോൽവിയുമായി അഫ്ഗാൻ നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയുമടക്കം നാല് ടീമുകളെ കീഴടക്കി ക്രിക്കറ്റ് ലോകത്തിന്റെ മനംകവർന്നാണ് ഹഷ്മത്തുള്ള ഷാഹിദിയും സംഘവും മടങ്ങുന്നത്.

അഫ്ഗാൻ ഉയർത്തിയ 245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും തെംബ ബവൂമയും സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും 64 റൺസ് നേടി. എന്നാൽ 41 റൺസെടുത്ത ഡികോക്കിനെയും 23 റൺസ് നേടിയ ബവൂമയെയും മടക്കി അഫ്ഗാൻ കരുത്തുകാട്ടി. പിന്നാലെ വന്ന എയ്ഡൻ മാർക്രവും ഡ്യൂസ്സനും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി.

എന്നാൽ 25 റൺസെടുത്ത മാർക്രത്തെ റാഷിദ് ഖാൻ മടങ്ങി. പിന്നാലെ വന്ന ക്ലാസനും പിടിച്ചുനിൽക്കാനായില്ല. 10 റൺസെടുത്ത ക്ലാസനെയും റാഷിദ് പുറത്താക്കി. ക്ലാസന് പകരം വന്ന മില്ലറെ കൂട്ടുപിടിച്ച് ഡ്യൂസൻ ടീമിനെ നയിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 182-ൽ എത്തിച്ചു. 24 റൺസെടുത്ത മില്ലറെ മടക്കി മുഹമ്മദ് നബി ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഏഴാമനായി വന്ന ആൻഡിൽ ഫെലുക്വായോയെ കൂട്ടുപിടിച്ച് ഡ്യൂസൻ പ്രോട്ടീസിനെ വിജയത്തിലെത്തിച്ചു.

ഡ്യൂസൻ 95 പന്തിൽ 76 റൺസെടുത്ത് പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഫെലുക്വായോ 37 പന്തിൽ 39 റൺസെടുത്ത് അപരാജിതനായി നിന്നു. അഫ്ഗാനുവേണ്ടി റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ മുജീബുർ റഹ്‌മാൻ ഒരു വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ 50 ഓവറിൽ 244 റൺസിന് ഓൾ ഔട്ടായി. സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയ അസ്മത്തുള്ള ഒമർസായിയുടെ പോരാട്ടമാണ് ടീമിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

വലിയ സ്‌കോർ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ അഫ്ഗാൻ സെമി ഫൈനൽ കാണാതെ പുറത്തായി. ഈ മത്സരത്തിൽ ചുരുങ്ങിയത് 438 റൺസിന്റെ വിജയമെങ്കിലും നേടിയാൽ മാത്രമായിരുന്നു അഫ്ഗാന് സെമിയിലെത്താൻ കഴിയുന്നത്. എന്നാൽ ടീമിന് അത് സാധിച്ചില്ല.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച അഫ്ഗാന് ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റിൽ 41 റൺസ് ചേർത്തു. എന്നാൽ വിക്കറ്റ് നഷ്ടപ്പെടാതെ 41 എന്ന സ്‌കോറിൽ നിന്ന് അഫ്ഗാൻ 116 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഗുർബാസ് (25), സദ്രാൻ (15), ഹഷ്മത്തുള്ള ഷാഹിദി (2), റഹ്‌മത്ത് ഷാ (26), ഇക്രം അലിഖിൽ (12), മുഹമ്മദ് നബി (2) എന്നിവർ പെട്ടെന്ന് പുറത്തായി.

എന്നാൽ മറുവശത്ത് അസ്മത്തുള്ള അനായാസം ബാറ്റുവീശി. റാഷിദ് ഖാനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോർ 150 കടത്തി. റാഷിദ് 14 റൺസെടുത്ത് മടങ്ങിയെങ്കിലും നൂർ അഹമ്മദിനൊപ്പം അസ്മത്തുള്ള ടീമിനെ രക്ഷിച്ചു. ടീം സ്‌കോർ 200 കടത്തി. 26 റൺസെടുത്ത് നൂർ അഹമ്മദ് മടങ്ങിയെങ്കിലും മറുവശത്ത് അസ്മത്തുള്ള സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. അവസാന ഓവറുകളിൽ അസ്മത്തുള്ള വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.

എന്നാൽ അർഹിച്ച സെഞ്ചുറി നേടാൻ താരത്തിന് സാധിച്ചില്ല. അവസാന ഓവറിൽ കഗിസോ റബാദ കണിശതയോടെ പന്തെറിഞ്ഞതോടെ അസ്മത്തുള്ളയുടെ സ്‌കോർ 97-ൽ ഒതുങ്ങി. താരം 107 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെയാണ് 97 റൺസെടുത്തത്. അവസാന പന്തിൽ നവീൻ ഉൾ ഹഖ് റൺ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്സി നാല് വിക്കറ്റെടുത്തപ്പോൾ ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

9 മത്സരങ്ങളിൽ നിന്നും 7 ജയവുമായി 14 പോയിന്റോടെ ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് പിന്നിലായി രണ്ടാം സ്ഥാനത്തോടെ സെമിയിലേക്ക് പറന്നു. അഫ്ഗാന്റെ സെമി പ്രതീക്ഷകൾ കൂടി അവസാനിച്ചതോടെ ഇനി പാക്കിസ്ഥാന് മാത്രമാണ് സെമി പ്രതീക്ഷയുള്ളത്. എന്നാൽ അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഹിമാലയൻ കടമ്പ കടന്നാൽ മാത്രമേ ന്യൂസിലൻഡിനെ പിന്നിലാക്കി പാക്കിസ്ഥാന് സെമിയിലെത്താനാകു.