അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. മത്സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ടീം ഇന്ത്യയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഓസീസ് നായകൻ മുന്നറിയിപ്പ് നൽകിയത്. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എല്ലാ വെല്ലുവിളികളും നേരിടാൻ ഓസ്ട്രേലിയൻ ടീം തയ്യാറാണെന്നും രോഹിത് ശർമ്മയെയും വിരാട് കോലിയേയും തളയ്ക്കാൻ തന്ത്രങ്ങൾ ഒരുങ്ങിയതായും കമ്മിൻസ് കൂട്ടിച്ചേർത്തു. അതേസമയം മുഹമ്മദ് ഷമിയുടെ ഫോം ഭീഷണിയാണ് എന്ന് കമ്മിൻസ് തുറന്നുസമ്മതിച്ചു.

'അവസാന മത്സരങ്ങളിൽ പേസർമാർ മികവിലേക്ക് ഉയർന്നത് ഫൈനലിൽ ഗുണം ചെയ്യും. ടൂർണമെന്റിൽ നേടിയ വിജയങ്ങൾ ടീം അംഗങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. പരിചയസമ്പത്തും ഓസ്‌ട്രേലിയൻ താരങ്ങൾക്ക് കരുത്താണ്. ഇന്ത്യൻ ബാറ്റിങ് നിരയിലെ നെടുംതൂണുകളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കുമായി ചില തന്ത്രങ്ങൾ തയ്യാറാണ്. ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ 23 വിക്കറ്റുമായി കുതിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഞങ്ങൾക്ക് വെല്ലുവിളിയാണ്. സ്വന്തം രാജ്യത്ത് തയ്യാറാക്കിയ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമാവും. പക്ഷേ അത്തരം സാഹചര്യങ്ങളെല്ലാം മറികടക്കാൻ ഓസീസ് സുസജ്ജമാണ്' എന്നും കമ്മിൻസ് ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

എതിരാളികൾക്ക് മേൽ മാനസികമായ മുൻതൂക്കം നേടാൻ ഓസ്‌ട്രേലിയൻ താരങ്ങൾ സ്ഥിരമായി നടത്താറുള്ള വാചക കസർത്ത് ഇത്തവണ കമ്മിൻസിന്റെ വകയായിരുന്നു. അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യയുടെ മിന്നുന്ന ഫോം ഓസിസിനെ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓസിസ് നായകൻ പ്രതികരണം.

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നാളെ ഞായറാഴ്ചയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ. 2003ലെ കലാശപ്പോരിലേറ്റ തിരിച്ചടിക്ക് പലിശ സഹിതം പകരംവീട്ടാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഫൈനലിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മത്സരത്തിന് മുന്നോടിയായി ഇരു ടീമും ഇന്ന് അവസാനവട്ട പരിശീലനത്തിന് ഇറങ്ങും.

ലോക കിരീടത്തിലേക്ക് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരു ജയത്തിന്റെ അകലം മാത്രമാണുള്ളത്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മണ്ണും മനസ്സും ആർക്കൊപ്പം നിൽക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

അതേ സമയം അതേസമയം, ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പേ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ മാർഷ് നടത്തിയ പ്രവചനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്റെ ടീം ലോകകപ്പ് ഫൈനലിലെത്തുമെന്നും ഇന്ത്യയെ അവരുടെ മണ്ണിൽ തോൽപിച്ച് കിരീടം നേടുമെന്നുമായിരുന്നു പ്രവചനം. ഫൈനലിൽ ആസ്‌ട്രേലിയ 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 450 റൺസെടുക്കും. ഇന്ത്യ 65 റൺസിന് ഓൾ ഔട്ടാകും. അതായത് 385 റൺസിന്റെ തോൽവി എന്ന് ഏറെ കടന്ന് പ്രവചിക്കാനും താരം അന്ന് തയാറായിരുന്നു.

മാർഷിന്റെ പ്രവചനത്തോട് രസകരമായാണ് ഇന്ത്യൻ ആരാധകർ പ്രതികരിക്കുന്നത്. 'പ്രവചനം ചിലപ്പോൾ നേരെ തിരിച്ചുമാകാം. ഇന്ത്യ രണ്ടു വിക്കറ്റിന് 450 എന്നതിന് ഏറെ സാധ്യതയുണ്ട്, സ്പിന്നർമാരുടെ ആക്രമണത്തിൽ ആസ്‌ട്രേലിയ 65ന് ഓൾ ഔട്ടാകുന്നതും സംഭവിക്കാം' -ഒരു ആരാധകർ എക്‌സിൽ കുറിച്ചു. പകൽ കിനാവ് എന്നാണ് മറ്റൊരു ആരാധകൻ പ്രതികരിച്ചത്.

ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. 2003ലെ ലോകകപ്പിൽ, അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് കിരീടം നേടി. നായകൻ റിക്കി പോണ്ടിങ്ങിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആസ്‌ട്രേലിയ 359 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. 125 റൺസിന്റെ തോൽവി.

ഫൈനലിനുള്ള ഒഫീഷ്യൽസിനെ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുകാരായ റിച്ചാർഡ് കെറ്റിൽബറോയും റിച്ചാർഡ് ഇല്ലിങ്വർത്തുമാണ് ഫീൽഡ് അംപയർമാർ. വെസ്റ്റ് ഇൻഡീസിന്റെ ജോയൽ വിൽസൻ മൂന്നാം അംപയറും സിംബാബ്വെയുടെ ആൻഡി പൈക്രോഫ്റ്റ് നാലാം അംപയറുമാകും.

ശക്തമാണ് ഓസ്‌ട്രേലിയൻ സ്‌ക്വാഡ്. ഡേവിഡ് വാർണറും ട്രാവിഡ് ഹെഡും ആദ്യ 10 ഓവറിൽ നൽകുന്ന വെടിക്കെട്ട് തുടക്കം കങ്കാരുക്കൾക്ക് നിർണായകമാകും. മധ്യനിരയിൽ മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഫോമും ഗ്ലെൻ മാക്സ്വെല്ലിന്റെയും ജോഷ് ഇംഗ്ലിസിന്റെയും ഫിനിഷിംഗും നിർണായകമാകും. ടൂർണമെന്റിൽ ഷമിക്ക് പിന്നിൽ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ സ്പിന്നർ ആദം സാംപയും നായകൻ പാറ്റ് കമ്മിൻസിനൊപ്പം ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ പേസാക്രമണവും ഓസീസിന് കരുത്താണ്.