അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ വലിയ തോൽവിക്കു പിന്നാലെ മുഖം കുനിച്ചിരുന്ന് കരയുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ പുറത്തുവന്നു.തോൽവിക്ക് പിന്നാലെ ഡഗ് ഔട്ടിൽ കണ്ണീർ തുടയ്ക്കുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.നിർണ്ണായക മത്സരത്തിൽ നായകൻ രോഹിത് ശർമയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.താരം മത്സരത്തിൽ 28 പന്തിൽ നിന്ന് 27 റൺസാണ് നേടിയത്.ഇത്തരത്തിലുള്ള വിമർശനങ്ങൾ തുടരുന്നതിനിടെയാണ് രോഹിത്തിന്റെ വൈകാരികമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

മത്സരശേഷം ഡഗ്ഔട്ടിലെത്തിയ രോഹിത് സങ്കടം അടക്കാനാവാതെ കരയുന്നതാണ് വീഡിയോ.തലതാഴ്‌ത്തി ഇന്ത്യൻ നായകൻ കണ്ണീരണിയുന്നത് കണ്ട് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് രോഹിത്തിനെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.മത്സരത്തിൽ ഒരു തരത്തിലും ആധിപത്യം പുലർത്താതെയാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

ദയനീയ തോൽവിയുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽനിന്നു മടങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ (49 പന്തിൽ 80), അലക്‌സ് ഹെയ്ൽസ് (47 പന്തിൽ 86) എന്നിവർ അർധ സെഞ്ചറി നേടി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ബട്‌ലറും ഹെയ്ൽസും ചേർന്ന് ഇംഗ്ലണ്ടിനായി പടുത്തുയർത്തിയത്.ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട 13 ന് നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനെ നേരിടും.